തൊടുപുഴ: ഒരു ഇടവേളയ്ക്കു ശേഷം മൂന്നാര്‍ വീണ്ടും രാഷ്ട്രീയ കക്ഷികളുടെ സന്ദര്‍ശത്തിന്റെ വേദിയാകുന്നു. ഏതാനും മാസം മുമ്പും കൈയേറ്റവും ഒഴിപ്പിക്കവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ മൂന്നാറിലേക്കു വച്ചുപിടിച്ചത്.

ബിജെപിയുടെ ഭാഗമായി കേന്ദ്ര മന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും ഉള്‍പ്പടെയുള്ളവര്‍ മൂന്നാറിലെ കൈയേറ്റ പ്രദേശങ്ങള്‍ കാണാനെത്തിയപ്പോള്‍ യുഡിഎഫ് നേതാക്കളും സ്ഥലം സന്ദര്‍ശിക്കാനെത്തി. ഇതിനുപിന്നാലെ വിവിധ ചെറുകിട പാര്‍ട്ടികളുടെ നേതാക്കളും മൂന്നാറിലേക്ക് ഒഴുകിയെത്തി.  പാപ്പാത്തിച്ചോലയിലെ കുരിശുപൊളിക്കലോടെ കൈയേറ്റം ഒഴിപ്പിക്കലിനു തിരശീല വീണതോടെ യാത്രകള്‍ക്കും താല്‍ക്കാലിക വിരാമമായി. എന്നാല്‍ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിവാദം പൂക്കാന്‍ തുടങ്ങിയതോടെ നീലക്കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്ന കൊട്ടക്കമ്പൂരിലേക്കു സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് വിവിധ പാര്‍ട്ടിയുടെ നേതൃത്വങ്ങള്‍.

ഡിസംബർ ആറിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുളള സംഘം കൊട്ടക്കമ്പൂർ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ബുധനാഴ്ച ബിജെപി നേതാക്കള്‍ കൊട്ടക്കമ്പൂര്‍ സന്ദര്‍ശിച്ചു സന്ദര്‍ശനത്തിനു തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു.ബി ജെപി സംഘം ബുധനാഴ്ച കൊട്ടക്കമ്പൂരിലെ 58 ആം ബ്ലോക്കിലുള്ള വിവാദ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അടുത്ത മാസം നാലിന് എന്‍ഡിഎ സംഘവും സന്ദര്‍ശിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ വനം മന്ത്രി കെ രാജുവും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും വൈദ്യുതി മന്ത്രി എംഎം മണിയും ഉള്‍പ്പെട്ട മന്ത്രിതല സംഘവും കൊട്ടക്കമ്പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. പ്രദേശത്തെ ജനങ്ങളുമായി ചര്‍ച്ച നടത്തി സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രി തല സംഘം കൊട്ടക്കമ്പൂര്‍ സന്ദര്‍ശിക്കുന്നതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. മന്ത്രി തല സംഘത്തിന്റെ സന്ദര്‍ശനം ഡിസംബര്‍ 11-ന് നടക്കുമെന്നാണ് സൂചന.

അതേസമയം സര്‍ക്കാരിന്റെ മന്ത്രിതല സമിതിയുടേത് ഒഴികെയുള്ള യാത്രകളെല്ലാം പ്രദേശവാസികളെ രംഗത്തിറക്കി തടയാനും സിപിഎം ലക്ഷ്യമിടുന്നുണ്ട്. കൊട്ടക്കമ്പൂര്‍ വില്ലേജിലെ താമസക്കാരെയെല്ലാം മാധ്യമങ്ങള്‍ കൈയേറ്റക്കാരായി ചിത്രീകരിക്കുകയാണെന്നാരോപിച്ച് ഇപ്പോള്‍ തന്നെ മാധ്യമങ്ങളെ തടയാന്‍ ശ്രമിക്കുന്നുണ്ട്.
ഇടുക്കി എംപി ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുട പട്ടയം ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ അടുത്തിടെ റദ്ദാക്കിയതോടെയാണ് കൊട്ടക്കമ്പൂരും നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതവും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. തുടര്‍ന്നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിശ്ചയിക്കാന്‍ തീരുമാനിച്ചതോടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കവും പുറത്തുവന്നു.

ഇതിനിടെ കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി മാറ്റിവരയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി ജില്ലാകളക്ടര്‍ക്കു നല്‍കിയ കത്തുപുറത്തുവന്നതും കൊട്ടക്കമ്പൂര്‍ വില്ലേജിലെ ജണ്ടപ്പാറയില്‍ കുറിഞ്ഞി ചെടികള്‍ കത്തിയതായി കണ്ടെത്തിയ സംഭവവും വിവാദം കുറേക്കൂടി ആളിക്കത്തിച്ചു. പതിനൊന്ന് വർഷം മുമ്പ് പ്രഖ്യാപിച്ച കുറിഞ്ഞി സങ്കേതം ഇപ്പോഴും യാഥാര്‍ഥ്യമായിട്ടില്ലെങ്കിലും മൂന്നാറിലും കൊട്ടക്കമ്പൂരിലും വിവാദത്തിന്റെ കുറിഞ്ഞികള്‍ പൂത്തുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം വ്യാഴവട്ടത്തിനുശേഷം മൂന്നാറില്‍ കുറിഞ്ഞിച്ചെടികള്‍ വീണ്ടും പൂത്തുകഴിയുമ്പോഴെങ്കിലും വിവാദം കരിഞ്ഞുണങ്ങുമോ എന്നാണ് ഇടുക്കിക്കാർ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.