തൊടുപുഴ: കൊട്ടക്കമ്പൂരിലെ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ സംരക്ഷിത ജീവി വര്‍ഗമായ വരയാടുകളുടെ ആവാസ കേന്ദ്രമാണെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷമാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.

വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പീച്ചിയിലുള്ള കേരള വനഗവേഷണ കേന്ദ്രം മുന്‍ ഡയക്ടറായ ഡോ. പി എസ് ഈസയും സംഘവും 2016-ല്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലും സമീപ മേഖലകളിലും നടത്തിയ പഠനത്തിലാണ് നിര്‍ദിഷ്ട കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന കമ്പക്കല്ല് -കടവരി മേഖലകളില്‍ വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയത്.

സര്‍വേയുടെ ഭാഗമായി നിരവധി വരയാടുകളെ പ്രദേശത്തെ വിവിധ മലനിരകളില്‍ നിന്നു കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആനമുടി നാഷണല്‍ പാര്‍ക്ക്, ചിന്നാര്‍ വന്യ ജീവി സങ്കേതം, കൊടൈക്കനാല്‍ വന്യജീവി സങ്കേതം, ആനമല കടുവാ സങ്കേതം എന്നിവ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതത്തെ ചുറ്റി കിടക്കുന്നതാണെന്നും നിർദ്ദിഷ്ട കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കൂടി സംരക്ഷിച്ചാല്‍ മാത്രമേ വരയാടുകളുടെയും സംരക്ഷണം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഉറപ്പാക്കാനാവുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇരവികുളം നാഷണല്‍പാര്‍ക്കില്‍ നിന്നുള്ള വരയാടുകള്‍ ഈ നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശത്തുകൂടിയും സഞ്ചരിക്കാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇവയുടെ സംരക്ഷണ ഉറപ്പാക്കാന്‍ നീലക്കുറിഞ്ഞി സങ്കേതത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പ്രദേശം കൂടി സംരക്ഷിത മേഖലയാക്കി മാറ്റുന്നതായിരിക്കും ഉചിതമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

kottakkambur neelakurinji area

നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന കൊട്ടക്കമ്പൂര്‍ പ്രദേശം

നിര്‍ദിഷ്ട നീലക്കുറിഞ്ഞി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ അതിര്‍ത്തി മാറ്റണമെന്നും ഈ പ്രദേശങ്ങളില്‍ ജനവാസ കേന്ദ്രങ്ങളും യൂക്കാലി കൃഷിയും വ്യാപകമായുണ്ടെന്നും മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി കഴിഞ്ഞ ഓഗസ്റ്റില്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇതിനെ തിരുത്തുന്ന രീതിയില്‍ സംരക്ഷിത വര്‍ഗത്തില്‍പ്പെടുന്ന വരയാടുകളുടെ സാന്നിധ്യം നീലക്കുറിഞ്ഞി സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിലുണ്ടെന്നാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് തയാറാക്കിയ വരയാട് സെന്‍സസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട് കൈയേറ്റക്കാരെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യാപകവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം വാര്‍ഡന്‍ കൊട്ടക്കമ്പൂര്‍ മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല സംഘം തിങ്കളാഴ്ച കൊട്ടക്കമ്പൂര്‍ സന്ദര്‍ശിക്കും. വനം മന്ത്രി കെ രാജു, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരാണ് സംഘത്തിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ