തൊടുപുഴ: പല തവണയായി മൂന്നാറില്‍ റവന്യൂ വകുപ്പ് പരാജയപ്പെടുന്ന കൊട്ടക്കമ്പൂരിലെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്ക് ഇത്തവണയും കാര്യമായ പുരോഗതിയില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു തവണയും രേഖകള്‍ ഹാജരാക്കാതിരുന്ന ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കുടുംബാംഗങ്ങളും രേഖകള്‍ ഹാജരാക്കി. ജോയ്‌സ് ജോര്‍ജിനു വേണ്ടി അഭിഭാഷകനാണ് രേഖകള്‍ ഹാജരാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ ജോയ്‌സ് ജോര്‍ജിനും മറ്റു 32 പേര്‍ക്കും രേഖകള്‍ നേരിട്ടു ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി നോട്ടീസ് അയച്ചത്. എന്നാല്‍ പത്തു പേരില്‍ താഴെ മാത്രമാണ് രേഖകള്‍ ഹാജരാക്കാന്‍ എത്തിയതെന്നാണ് വിവരം. രേഖകള്‍ ഹാജരാക്കുന്നതിനെ എതിര്‍ത്തു സിപിഎം പോഷക സംഘടനയായ കര്‍ഷക സംഘം ഇത്തവണയും രംഗത്തെത്തിയിരുന്നു.

മൂന്നാറില്‍ നിന്ന് 84 കിലോമീറ്റര്‍ അകലെയുള്ള കൊട്ടക്കാമ്പൂരില്‍ നിന്നു കര്‍ഷകരെ ഇതിനായി വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നും ഇത് അനുവദിക്കില്ലെന്നുമാണ് കര്‍ഷക സംഘത്തിന്റെ നിലപാട്. അതേസമയം രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയ കര്‍ഷകരില്‍ 33 പേരില്‍ 30 പേരും ദേവികുളത്തിനു പുറത്തു താമസിക്കുന്നവരാണ്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ താമസിക്കുന്നവരാണ് ഇവരെന്നാണ് ലഭ്യമായ വിവരം.

കഴിഞ്ഞ മാര്‍ച്ചില്‍ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ അഞ്ചു നാട് വില്ലേജ് ഉള്‍പ്പെടുന്ന കൊട്ടക്കാമ്പൂര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കീഴാന്തൂര്‍ വില്ലേജുകളിലെ തണ്ടപ്പേര്‍ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ 28 ദിവസത്തോളം കര്‍ഷക സംഘം ദേവികുളം ആര്‍ടിഒ ഓഫീസിനു മുന്നില്‍ സമരം നടത്തിയതോടെ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി ഉപേക്ഷിക്കുകയായിരുന്നു.

ആസൂത്രിത സമരങ്ങള്‍ മൂലം അഞ്ചുനാട് വില്ലേജിലെ ഭൂമി പരിശോധന തടസപ്പെടുകയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകള്‍ നേരത്തേ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇത്തവണ നടത്തിയ രേഖ പരിശോധനയിലും കാര്യമായ പ്രതികരണം ലഭിക്കാതെ വന്നതോടെ രേഖ പരിശോധനയുടെ തുടര്‍ സാധ്യതയിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നാണ് സൂചന. അതേസമയം ജോയ്‌സ് ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച രേഖകളില്‍ വിശദമായ പരിശോധനയക്കു ശേഷം തീരുമാനമെടുക്കാനാണ് റവന്യു വകുപ്പ് ആലോചിക്കുന്നതെന്നാണ് സൂചന.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ