/indian-express-malayalam/media/media_files/uploads/2017/11/eyucali.jpg)
മൂന്നര വർഷത്തിലേറെയായി മാധ്യമങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും നിറഞ്ഞുനിൽക്കുന്ന പേരാണ് കൊട്ടക്കമ്പൂർ. നേരത്തെ നീലക്കുറിഞ്ഞിയുമായി ബന്ധപ്പെട്ടാണ് കൊട്ടക്കമ്പൂർ അറിയപ്പെട്ടിരുന്നതെങ്കിൽ ഇന്നത് ഭൂമാഫിയുമായി ബന്ധപ്പെട്ടതായി മാറിയിരിക്കുന്നു. കൊട്ടക്കമ്പൂരിലെന്താണ് സംഭവിച്ചത്. എവിടെയാണ് കൊട്ടക്കമ്പൂർ. കൊട്ടക്കമ്പൂരിൽ രാഷ്ട്രീയക്കാരും അല്ലാത്തവരുമടക്കം ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളാരംഭിക്കുന്നത്. ഇടുക്കി എംപി ജോയ്‌സ് ജോർജും കുടുംബവും ഈ പട്ടികയിൽ പെട്ടതോടെയാണ് വിവാദത്തിന് വലിയ രാഷ്ട്രീയ മാനം ലഭിച്ചത്. ഇതിനൊപ്പം ഇപ്പോൾ സിപിഎമ്മിന്രെ ഉൾപ്പെടെയുളള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പേരും പുറത്തുവരുന്നു. കഴിഞ്ഞ ദിവസം ജോയ്‌സ് ജോർജ് എംപിയുടെ പട്ടയം റദ്ദാക്കി റവന്യൂ വകുപ്പ് തീരുമാനമെടുത്തതോടെ വീണ്ടും കൊട്ടക്കമ്പൂർ ശ്രദ്ധയാകർഷിച്ചു. കൊട്ടക്കമ്പൂരിനെ കുറിച്ച്.
ഇടുക്കി ജില്ലയിലെ മൂന്നാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കൊട്ടക്കമ്പൂര്‍ ഇടുക്കി എംപിയായ ജോയ്‌സ് ജോര്‍ജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കൊട്ടക്കമ്പൂര്‍, കീഴാന്തൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് അഞ്ചുനാട് വില്ലേജുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വില്ലേജുകളില്‍ ഉള്‍പ്പെടുന്നതാണ് കൊട്ടക്കമ്പൂര്‍.
ദേവികുളത്തെ കൊട്ടക്കമ്പൂരിൽ 2011 സെൻസസ് പ്രകാരം 2,405 പേരാണ്. ഇതിൽ 1,249 പുരുഷന്മാരും 1,156 സ്ത്രീകളുമാണ്. ഇവിടെ ആറ് വയസ്സിന് താഴെയുളള 281 കുട്ടികളാണുളളത്. ഇവിടുത്തെ സ്ത്രീ പുരുഷാനുപാതം 926 ആണ്. ഇത് കേരളത്തിലെ ശരാശരിയായ 1084 നേക്കാൾ കുറവാണ്. എന്നാൽ കുട്ടികളിലെ ആൺ- പെൺ അനുപാതം കേരളത്തേക്കാൾ കൂടുതലാണ്. കേരളത്തിന്രെ ശരാശരി 964 ആകുമ്പോൾ, കൊട്ടക്കമ്പൂരിലത് 1,036 ആണ്. 3,603 ഹെക്ടറാണ് ഈ പ്രദേശം.
കേരളത്തിലെ സാക്ഷരത രേഖയ്ക്ക് വളരെ താഴെയാണ് കൊട്ടക്കമ്പൂർ മേഖല. 61.58 ശതമാനം മാത്രമാണ് ഇവിടുത്തെ സാക്ഷരതാ നിരക്ക്. കേരളത്തിലേത് 94 ശതമായിരിക്കുമ്പോഴാണ് ഇത്. പുരുഷ സാക്ഷരതാ 73.90 ശതമാനവും 48.08 ശതമാനമാണ് സ്ത്രീ സാക്ഷരതാ നിരക്ക്.
2006-ല്‍ അന്നത്തെ വനംമന്ത്രിയായിരുന്ന ബിനോയ് വിശ്വം പ്രഖ്യാപിച്ച നീലക്കുറിഞ്ഞി സാങ്ച്വറിയില്‍ ഉള്‍പ്പെടുന്ന പ്രദേശംകൂടിയാണിത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുവരെ കാര്യമായ ആവശ്യക്കാരില്ലാത്ത പ്രദേശങ്ങളായിരുന്ന അഞ്ചുനാട് വില്ലേജിനു കീഴിലുള്ള പ്രദേശങ്ങള്‍ 2000-ത്തിനു ശേഷമാണ് ജില്ലയ്ക്കു പുറത്തുനിന്നുള്ളവരുടെ കൈകളിലായത്. ഒരുകാലത്ത് കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നീ വില്ലേജുകളില്‍പ്പെട്ട പ്രദേശങ്ങള്‍ പച്ചക്കറി, നെല്ല്, കരിമ്പ്, കാലി വളര്‍ത്തല്‍ എന്നിവയുടെ പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അഞ്ചുനാട് വില്ലേജിന്റെ 80 ശതമാനം പ്രദേശങ്ങളും യൂക്കാലിപ്റ്റസ് ഗ്രാൻഡീസ് വൃക്ഷങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. തൈ നട്ടശേഷം തിരിഞ്ഞുനോക്കേണ്ടായെന്നതും അഞ്ചുവര്‍ഷം കഴിഞ്ഞുവെട്ടി വില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ ലാഭം ലഭിക്കുന്നുവെന്നതുമാണ് വന്‍കിടക്കാരെ ഗ്രാന്റീസ് കൃഷിയിലേക്കാകര്‍ഷിക്കുന്നത്.
കോട്ടയം, എറണാകുളം, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ വ്യാപകമായി മേഖലയില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി ഭാവിയില്‍ വികസിക്കാന്‍ സാധ്യതയുള്ള ടൂറിസം വളര്‍ച്ചയും മൂന്നാറില്‍ നിന്നു കൊടൈക്കനാലിലേക്കു ഭാവിയില്‍ ഹൈവേ നിര്‍മിച്ചേക്കുമെന്ന സാധ്യതയും മുന്‍കൂട്ടിക്കണ്ടാണ് പലരും ഭൂമി വാങ്ങിക്കൂട്ടിയിരിക്കുന്നത്. കൃത്യമായ പട്ടയങ്ങളോ രേഖകളോ ഇല്ലായെന്നതാണ് അഞ്ചുനാട് മേഖലയിലെ ഭൂമിയെ എപ്പോഴും വിവാദത്തിലാക്കുന്നത്. ഒരുകാലത്ത് കഞ്ചാവുകൃഷിയുടെ പേരില്‍ കുപ്രസിദ്ധി നേടിയിരുന്ന കമ്പക്കല്ല്, കടവരി മേഖലകള്‍ക്കു സമീപമായാണ് കൊട്ടക്കമ്പൂര്‍ വില്ലേജ് സ്ഥിതിചെയ്യുന്നത്.
നിര്‍ദിഷ്ട നീലക്കുറിഞ്ഞി സാങ്ച്വറിയില്‍ ഉള്‍പ്പെടുന്ന പ്രദേശമായ കൊട്ടക്കമ്പൂര്‍ അണ്‍ അസൈനബിള്‍ ലാന്‍ഡ് ആണെന്നും റവന്യൂ തരിശ് എന്നപേരിലാണ് ലാന്‍ഡ് റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നുമാണ് റവന്യൂ വകുപ്പ് പറയുന്നത്. ഇതില്‍ ബ്ലോക്ക് നമ്പര്‍ 58 ഉള്‍പ്പെടുന്നതാണ് ജോയ്‌സ് ജോര്‍ജ് ഉള്‍പ്പടെയുള്ളവരുടെ ഭൂമി. 151 പേര്‍ ഇവിടെ ഭൂമികൈയേറിയിട്ടുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ പട്ടികയില്‍ നിന്നു വ്യക്തമാകുന്നത്. സര്‍ക്കാർ രേഖകളില്‍ ബ്ലോക്ക് നമ്പര്‍ 58 റവന്യൂ തരിശായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ അനുസരിച്ചാണ് കൊട്ടക്കമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 58-ലെ ഭൂമി പതിച്ച് നല്‍കിയതായി ഭൂമാഫിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രേഖകള്‍ ഉണ്ടാക്കിയതെന്നു റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ 1964-ലെ നിയമപ്രകാരം രണ്ട് തരം പട്ടയങ്ങളേ നല്‍കാനാവൂ. കൈവശമുള്ള ഭൂമിക്ക് നല്‍കുന്ന പട്ടയവും കൃഷിക്കും താമസത്തിനുമായി ഭൂരഹിതര്‍ക്ക് നല്‍കുന്ന പട്ടയവുമാണിത്. എന്നാല്‍ കൊട്ടക്കമ്പൂര്‍ മേഖലയില്‍ രേഖകള്‍ ഉണ്ടാക്കിയിരിക്കുന്നത് കൈവശഭൂമിക്കുള്ള പട്ടയമായാണ്. 1971 ഓഗസ്റ്റ് മാസത്തിന് മുമ്പ് ഭൂമി കൈവശം ഉണ്ടെങ്കില്‍ മാത്രമേ 1964-ലെ നിയമം വച്ച് പട്ടയം നല്‍കാനാവൂ.
എന്നാല്‍ 74 മുതല്‍ ഈ മേഖലയില്‍ നടത്തിയ റീസര്‍വ്വേയില്‍ തയ്യാറാക്കിയ ലാന്‍ഡ് റജിസ്റ്ററില്‍ ബോക്ക് 58 - ല്‍ ആര്‍ക്കും കൈവശമില്ലാതെ തരിശാണ് 1964 റൂളില്‍ സെക്ഷന്‍ 12 (3) അനുസരിച്ച് താലൂക്ക് തലത്തില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി കൂടി കമ്മറ്റി പാസാക്കുന്ന അപേക്ഷകള്‍ക്ക് മാത്രമേ പട്ടയം നല്‍കാന്‍ പാടുള്ളുവെന്നാണ് നിലവിലുള്ള നിയമം. എന്നാല്‍ റദ്ദാക്കിയ ജോയ്‌സിന്റേതുള്‍പ്പടെയുള്ള പട്ടയങ്ങള്‍ കമ്മറ്റി കൂടി പാസാക്കിയിട്ടില്ല. ലാന്‍ഡ് റജിസ്റ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന റീസര്‍വേ ഫെയര്‍ ഫീല്‍ഡ് റജിസ്റ്റര്‍ റീസർവ്വേ സമയത്ത് സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി തയ്യാറാക്കുന്ന ആധികാരിക രേഖയാണ്. ഇനി പിതൃസ്വത്താണെന്ന വാദം നിലനില്‍ക്കില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജോയ്‌സ് ജോര്‍ജിന് പിതാവ് ഭൂമി കൈമാറിയിട്ടുള്ളത് പണം വാങ്ങിയാണെന്ന് ആധാരത്തില്‍ പറയുന്നുണ്ടെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
Read More: "കുറിഞ്ഞിക്കാല"മെടുത്തെങ്കിലും കുറിഞ്ഞിസങ്കേത സ്വപ്നം പൂവിടുമോ?
അഞ്ചുനാട് വില്ലേജില്‍ എത്രത്തോളം ഭൂമിയുണ്ടെന്നോ ഭൂമിയുടെ രേഖകള്‍ കൃത്യമാണോ എന്നിവ സംബന്ധിച്ച കാര്യങ്ങളില്‍ റവന്യൂ വകുപ്പിനു പോലും വ്യക്തതയില്ല. പ്രദേശത്തെ ഭൂമിയുടെ രേഖകള്‍ പരിശോധിക്കാന്‍ നിരവധി തവണ റവന്യൂ വകുപ്പ് ശ്രമിച്ചെങ്കിലും പ്രദേശവാസികളുടെ എതിര്‍പ്പുമൂലം ഇതു തുടര്‍ച്ചയായി തടസപ്പെടുകയായിരുന്നു. നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചശേഷം അതിര്‍ത്തികള്‍ നിര്‍ണയിക്കാനും കൃഷിക്കാര്‍ക്ക് നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുന്ന സെറ്റില്‍മെന്റ് പദ്ധതിക്കായി നിരവധി തവണ ശ്രമിച്ചെങ്കിലും ഇതെല്ലാം പ്രക്ഷോഭത്തില്‍ തട്ടി മുടങ്ങി.
/indian-express-malayalam/media/media_files/uploads/2017/11/Kottakambur-village.jpg)
അഞ്ചുനാട് വില്ലേജിലെ ഭൂമി രേഖകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര പരിശോധന അനിവാര്യമാണെന്നും മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി.ഹരനും, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജനും മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സുജിത് ബാബുവും ദേവികുളം ആര്‍ഡിഒയും സര്‍ക്കാരിനു നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഭൂമി കൈയറിയവര്‍ നടത്തുന്ന ആസൂത്രിത സമരങ്ങളാണ് ഭൂമി പരിശോധനയക്കു തുരങ്കംവയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ മുന്‍ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ അഞ്ചുനാട് വില്ലേജിലെ ഭൂ രേഖകള്‍ പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സിപിഎം പോഷക സംഘടനയായ കര്‍ഷക സംഘം 28 ദിവസത്തോളം ദേവികുളം ആര്‍ടിഒ ഓഫീസിനു മുന്നില്‍ സമരം നടത്തിയാണ് ഈ നീക്കം പരാജയപ്പെടുത്തിയത്. ഓരോ തവണയും പരിശോധനയ്‌ക്കൊരുങ്ങുമ്പോള്‍ സിപിഎമ്മിന്രെ പോഷകസംഘടനയായ കര്‍ഷക സംഘം കര്‍ഷകരെ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന വാദവുമായാണ് രംഗത്തെത്താറുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.