എറണാകുളം: കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ ഓർത്തഡോക്സ് റമ്പാൻ തോമസ് പോളിനെ യാക്കോബായ വിഭാഗം തടഞ്ഞു. സ്ത്രീകളും കുട്ടികളും അടക്കമുളളവരാണ് പ്രതിഷേധിച്ചത്. പൊലീസ് പ്രതിഷേധക്കാരെ നീക്കാൻ ശ്രമിച്ചാൽ അത് കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമെന്ന സാഹചര്യം വന്നതോടെ ഓർത്തഡോക്സ് റമ്പാനെ പൊലീസ് പള്ളിയിൽനിന്നും മാറ്റി.

ഭരണഘടനയനുസരിച്ച് പള്ളികളുടെ ഭരണാവകാശം ഓർത്തഡോക്സ് പക്ഷത്തിന് ആണെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്‌സ് വൈദികൻ തോമസ് പോൾ റമ്പാൻ പള്ളിയിൽ കുർബാന അർപ്പിക്കാൻ എത്തിയെങ്കിലും യാക്കോബായ വിഭാഗം അനുവദിച്ചില്ല. തുടർന്ന് അദ്ദേഹം ഓർത്തഡോക്സ് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളി വികാരിയായി പ്രവർത്തിക്കുന്നതിനു തടസം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാണിച്ച് മുൻസിഫ് കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി സുപ്രീം കോടതി വിധി കണക്കിലെടുത്ത് വൈദികന് പ്രാർത്ഥന നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്ന് നിർദേശിച്ചു.

ഹൈക്കോടതിയും റമ്പാന് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് റമ്പാൻ ഇന്നു പള്ളിയിലെത്തിയത്. എന്നാൽ യാക്കോബായ വിഭാഗം വൈദികനെ പള്ളിക്ക് അകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി രംഗത്തു വരികയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.