scorecardresearch

ആരാധന നടത്താതെ പിന്‍മാറില്ലെന്ന് റമ്പാന്‍; രണ്ടാം ദിനവും സംഘര്‍ഷം

പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

ആരാധന നടത്താതെ പിന്‍മാറില്ലെന്ന് റമ്പാന്‍; രണ്ടാം ദിനവും സംഘര്‍ഷം

കോതമംഗലം: കോടതി വിധി പ്രകാരം കോതമംഗലം ചെറിയപള്ളിയിൽ ആരാധന നടത്താതെ പിന്‍മാറില്ലെന്ന് ഓര്‍ത്തഡോക്സ് റമ്പാന്‍. ഇതോടെ രണ്ടാം ദിവസവും പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. നൂറുക്കണക്കിന് യാക്കോബായ വിശ്വാസികള്‍ പള്ളി അങ്കണത്തില്‍ റമ്പാനും ഓര്‍ത്തഡോക്‌സ് വിശ്വാസികളും വന്ന വാഹനത്തിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്.

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട റമ്പാന്റെ ഡ്രൈവറെ പൊലീസ് പുലര്‍ച്ചെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പിറവം പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

നൂറ് കണക്കിന് യാക്കോബായ വിശ്വാസികളാണ് റമ്പാനെതിരെ ഇന്നലെ മുതല്‍ പള്ളിക്ക് മുന്നില്‍ തമ്പടിച്ചിരിക്കുന്നത്. പള്ളി മറുവിഭാഗത്തിനു വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല എന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

കോടതി വിധിയുടെ പിന്‍ബലത്തിലായിരുന്നു റമ്പാന്‍ ആരാധനയ്ക്ക് എത്തിയത്. എന്നാല്‍ റമ്പാനെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു. സ്ത്രീകളടക്കമുള്ള വലിയ ഒരു സംഘം റമ്പാനെ തടയുകയും പള്ളിക്ക് മുന്നില്‍ നിലത്ത് കിടന്ന് പ്രതിരോധിക്കുകയുമായിരുന്നു. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും വീണ്ടും ആളുകള്‍ എത്തുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kothamangalam church jacobates orthodox clash