കൊച്ചി: കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് എറണാകുളം ജില്ലാ കളക്ടറെ കോടതി വിളിച്ചു വരുത്തി. ഉത്തരവ് നടപ്പാക്കാൻ ഇതുവരെ ഒരു നടപടിയും എടുത്തില്ലന്ന് കളക്ടറോട് വ്യക്തമാക്കിയ കോടതി ന്യായാധിപന് ഭരണഘടനയോടാണ് ബാധ്യത എന്നും വിധി നടപ്പാക്കാതിരിക്കാനാവില്ലന്നും വ്യക്തമാക്കി. വിധി നടപ്പാക്കുന്നതിന് കോടതിക്ക് സമാന്തര അധികാരങ്ങൾ ഉണ്ടന്നും അത് എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ചുണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജി വിധി പറയാൻ മാറ്റി.

പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ സാങ്കേതിക കാരണം ചുണ്ടിക്കാട്ടി ഡിവിഷൻ ബഞ്ച് അനുവദിക്കാതിരുന്നതോടെയാണ് കോടതിയലക്ഷ്യ ഹർജി സജീവമായത്.

നേരത്തെ, അഞ്ച് മിനിറ്റിനകം ഹാജരാവണമെന്നു പറഞ്ഞ കോടതി ഇല്ലെങ്കിൽ അറസ്റ്റ് ചെയ്തു ഹാജരാക്കേണ്ടി വരുമോയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണു കലക്ടർ ഹാജരായത്.

ഉത്തരവ് നടപ്പാക്കുന്നതിൽ രണ്ട് മാർഗങ്ങളേ ഉള്ളൂയെന്നു കോടതി വ്യക്തമാക്കി. ഒന്നുകിൽ കലക്ടറെ അഴിക്കകത്താക്കും. അല്ലങ്കിൽ മറ്റൊരു സേനയെ വിളിച്ച് ഉത്തരവ് നടപ്പാക്കുമെന്നും
കോടതി പറഞ്ഞു. അതേസമയം രണ്ടു മാസത്തെ സമയം വേണമെന്ന് കലക്ടർ അറിയിച്ചു. കുറച്ചുപേർ തടയുന്നുവെന്ന് പറഞ്ഞ ഉത്തരവ് നടപ്പാക്കാത്തത് സർക്കാരിന്
നാണക്കേടെന്ന് കോടതി പറഞ്ഞു. കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കിയാൽ ജഡ്ജിയെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായും കോടതി വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കലക്ടർ ഇന്ന് നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ നൽകി സ്റ്റേ വാങ്ങിയില്ലെങ്കിൽ കലക്ടർ ഹാജരാവണമെന്നായിരുന്നു നിർദേശം. ഹാജരാവുന്നതിന് സർക്കാർ സമയം തേടിയിരുന്നെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. കലക്ടർ എവിടെയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. ഒന്നേമുക്കാൽ വരെ സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല.

പള്ളി ഏറ്റെടുക്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാരിന്റെ അപ്പീലിൽ ന്യൂനത കണ്ടെത്തിയ ഡിവിഷൻ ബെഞ്ച് അപ്പീൽ സ്വീകരിച്ചില്ല. പുതുക്കി നൽകാൻ കോടതി നിർദേശിച്ചതോടെ കലക്ടർ ഹാജരാവണമെന്ന ഉത്തരവ് പാലിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

Read More: പറഞ്ഞ വാക്കിനൊപ്പം നിൽക്കുന്ന ചരിത്രമാണ് ഞങ്ങൾക്കുള്ളത്: പിണറായി വിജയൻ

ഏറ്റടുക്കൽ ഉത്തരവിനെതിരായ പുനപ്പരിശോധനാ ഹർജി തള്ളിയതിനെതിരെയാണ് സർക്കാരിന്റെ അപ്പീലെന്നും അത് പോരെന്നും ഏറ്റടുക്കൽ ഉത്തരവിനെ തന്നെ ചോദ്യം ചെയ്യണമെന്നും ഡിവിഷൻ ബഞ്ച് നിർദേശിച്ചിരിക്കുകയാണ്.

പള്ളി ഭരണത്തിന് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. സഭാതർക്കം നിലനിൽക്കുന്ന കോതമംഗലം പള്ളി ഏറ്റെടുക്കാൻ സർക്കാരിനോട് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. പള്ളിയും സ്വത്തുക്കളും സർക്കാർ ഉടൻ ഏറ്റെടുക്കണമെന്നായിരുന്നു നിർദേശം.

നേരത്തെ പലതവണ ഓർത്തഡോക്സ്‌ സഭാ അംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും യാക്കോബായ സഭാംഗങ്ങൾ തടയുകയായിരുന്നു. ഓർത്തഡോക്സ്‌ സഭ അംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പൊലീസും നിലപാട് എടുത്തതോടെ സുപ്രീം കോടതി വിധി നടപ്പായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ്‌ പോൾ റമ്പാൻ ഹൈക്കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.