കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ പ്രതികളുടെ കസ്റ്റഡി നീട്ടി. മൂന്ന് പ്രതികളുടെയും കസ്റ്റഡി രണ്ടു ദിവസത്തേക്കാണ് നീട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു വരെയാണ് കസ്റ്റഡി. 19-നാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുക.
മൂന്നാം പ്രതി പ്രജികുമാര്‍ സയനൈഡ് കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിച്ചതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ മൂന്ന് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി രണ്ട് ദിവസം കൂടിയാണ് അനുവദിച്ചത്.
പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം, പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക, മാനസിക ബുദ്ധിമുട്ടുകളില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ വ്യക്തമാക്കി. പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് 10 മിനുറ്റ് കോടതി നല്‍കി.