കോഴിക്കോട്: “ഞാനുമൊരു സ്ത്രീയാണ്, ഒരു സ്ത്രീയ്ക്ക് ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പറ്റില്ല. എല്ലാരോടും നല്ല പെരുമാറ്റമായിരുന്നു. ഒരിക്കലും ചെറിയ സംശയത്തിന് ഇടവരുത്തിയിട്ടില്ല. ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല. എപ്പോഴും വീട്ടിലൊക്കെ വരുമായിരുന്നു” കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളിയെക്കുറിച്ച് അയല്‍വാസി സുലൈഖയ്ക്കു പറയാനുള്ളത് ഇങ്ങനെയാണ്.
അയല്‍വാസികളുമായി നല്ല ബന്ധത്തിലായിരുന്നു ജോളി. ഇവരുടെ വീടുകളില്‍ പെരുന്നാള്‍ ഉള്‍പ്പെടെയുള്ള എന്തു വിശേഷം നടന്നാലും മുന്‍പന്തിയിലുണ്ടാവും. തന്റെ വീട്ടില്‍ എപ്പോഴും ജോളി വരുമായിരുന്നുവെന്നു സുലൈഖ പറഞ്ഞു. ജോളിയെയും കുടുംബത്തെയും അത്ര ഇഷ്ടത്തോടും ബഹുമാനത്തോടെയുമാണു നാട്ടുകാര്‍ കണ്ടിരുന്നത്. അത് അവള്‍ തന്നെ പറയുമായിരുന്നു. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ അച്ഛൻ ടോം തോമസും ഭാര്യ അന്നമ്മയും വളരെ നല്ലവരായിരുന്നുവെന്നും സുലൈഖ പറഞ്ഞു.
“അറസ്റ്റിലാകുന്നതിനു തലേദിവസവും വന്നു. ഉമ്മറത്തിരുന്ന് അയല്‍വീട്ടിലെ സ്ത്രീകള്‍ക്കൊപ്പം മണിക്കൂറുകളോളം സംസാരിച്ചു. അപ്പോഴൊന്നും ഞങ്ങള്‍ക്ക് ഒരു സംശയവുമുണ്ടായിരുന്നില്ല. ജോളിയുടെ വീട്ടിലെ മരണങ്ങള്‍ കൊലപാതകമാണെന്നു സംശയിച്ചിരുന്നേയില്ല. പൊലീസ് പറയുമ്പോഴാണ് എല്ലാം അറിയുന്നത്” സുലൈഖ പറഞ്ഞു.
Read Also: തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം, സത്യം പുറത്തുവരട്ടെ: ജോളിയുടെ മകന്‍
ഇതേ അഭിപ്രായമാണു ജോളിയെക്കുറിച്ച് മറ്റ് അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും. രാവിലെ കാറുമായി ‘ജോലിക്കു പോകുന്ന’ അധ്യാപിക. ജോളി ടീച്ചര്‍ എന്നാണ് അയല്‍വാസികളും നാട്ടുകാരും വിളിച്ചിരുന്നത്. എന്‍ഐടിയില്‍ അധ്യാപികയാണെന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്. നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ എന്‍ഐടിയുടെ വ്യാജ ഐഡി കാര്‍ഡ് ജോളി കഴുത്തില്‍ തൂക്കും. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായി മൂന്നു ദിവസം മുന്‍പാണു നാട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചില ദിവസങ്ങളില്‍ ജോളി വീട്ടില്‍നിന്നു പുറത്തിറങ്ങിയിരുന്നില്ല. ചോദിച്ചാല്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയമായതിനാല്‍ അവധിയാണെന്നാണ് അയല്‍വാസികളോട് പറഞ്ഞിരുന്നത്. അല്ലെങ്കില്‍ ജോലിക്കു പോകേണ്ടതില്ല പിന്നീട് ഒപ്പിട്ടാല്‍ മതിയെന്നു പറയും.
ജോളിയുടെ പെരുമാറ്റം വച്ച് ഒരു സംശയവും തോന്നിയിരുന്നില്ലെന്നു മറ്റൊരു അയല്‍വാസിയായ മൈമൂന പറഞ്ഞു. “ഇടയ്‌ക്കിടെ എന്നോട് പൈസ കടമായി വാങ്ങുമായിരുന്നു. മക്കളുടെ പഠിപ്പിന്റെ ആവശ്യത്തിനാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്രയും വലിയ ജോലിയുണ്ടായിട്ടും കയ്യില്‍ പൈസയില്ലേന്നു ചോദിച്ചാല്‍ ശമ്പളം അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണു പറയാറ്” താന്‍ ജോളിച്ചേച്ചി എന്നുവിളിച്ചിരുന്ന ജോളിയെക്കുറിച്ച് മൈമൂന ഓര്‍ത്തെടുത്തു.
മൈമൂനയുടെ വീട്ടിലും ഇടയ്ക്കിടെ വരുമായിരുന്നു ജോളി. ഉമ്മറത്തിരുന്ന് പുതിയ ഫാഷനിലുള്ള ഡ്രസ് വാങ്ങിയതും സിനിമയ്ക്കുപോയതുമൊക്കെ സംസാരിക്കും. “ജോളിച്ചേച്ചിക്ക് എന്റെ മക്കളോട് വലിയ ഇഷ്ടമായിരുന്നു. അവരുടെ മക്കളാണ് എന്നാണു പറയാറുണ്ടായിരുന്നത്. എപ്പോഴും പഴംപൊരിയൊക്കെ കൊണ്ടുവന്നു കൊടുക്കും. ഇപ്പൊ ആലോചിക്കുമ്പോള്‍ പേടി തോന്നുന്നു. ഇപ്പോ ഒരു സ്വപ്‌നം കണ്ടതുപോലെയാണു തോന്നുന്നത്. ആ വീട്ടിലേക്കു നോക്കാന്‍ പോലും പേടിയാകുന്നു” മൈമൂന പറഞ്ഞു.
എന്‍ഐടിയുടെ പേരിലുള്ള ഐഡന്റിറ്റി കാര്‍ഡില്‍ ജോളി അമ്മ എന്നാണു പേരുണ്ടായിരുന്നത്. അവരുടെ ഫോട്ടോ തന്നെയാണു കാര്‍ഡിലുണ്ടായിരുന്നത്. കോളജിലേക്കാണെന്നു പറഞ്ഞ് അവര്‍ പോയിരുന്നതു ബ്യൂട്ടി പാര്‍ലറിലേക്കാണെന്നു പിന്നീടാണ് അറിഞ്ഞതെന്നും മൈമൂന പറഞ്ഞു.
Read Also: ജോളിയെ കുടുക്കിയത് നുണകള്‍; ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ
ജോളിയെ കണ്ടാല്‍ ഇത്തരമൊരു കുറ്റകൃത്യം നടത്തിയതായി ആരും സംശയിക്കില്ലെന്നു മറ്റൊരു അയല്‍വാസി മൊയ്തീന്‍ പറഞ്ഞു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുമായി നല്ല സൗഹൃദമായിരുന്നു. റോയ് ആദ്യമൊന്നും മദ്യപിക്കുമായിരുന്നില്ല. റോയിയുടെ അച്ഛനും അമ്മയും നല്ല മനുഷ്യരായിരുന്നു. നല്ല അധ്യാപകരുമായിരുന്നു. നാട്ടുകാര്‍ക്ക് അത്രയും വേണ്ടപ്പെട്ടവരായിരുന്നുവെന്നും മൊയ്തീന്‍ പറഞ്ഞു. ജോളിയാണു കൊലപാതകി എന്ന് മറ്റുള്ളവര്‍ അറിഞ്ഞിരുന്നെങ്കില്‍ അവരെ ഇല്ലാതാക്കാനും അവര്‍ ശ്രമം നടത്തിയേനെയെന്നു പൊലീസ് പറഞ്ഞത് അൽപ്പം ഭയത്തോടെയാണു മൊയ്തീന്‍ ഓര്‍ത്തെടുത്തത്.
തോമസ് മാഷിന്റെയും അന്നമ്മ ടീച്ചറുടെയും റോയിയുടെയും മരണത്തോടെ ആ കുടുംബവുമായുള്ള ബന്ധമില്ലാതായതിന്റെ നൊമ്പരമാണു തൊട്ടുമുന്നിലത്തെ വീട്ടിലെ റൗഫിനു പറയാനുള്ളത്. “ഞങ്ങള്‍ക്കു വേണ്ടപ്പെട്ടവരൊക്കെ പോയി. അതോടെ ഞങ്ങള്‍ക്ക് അവിടെ ആരുമില്ലാതായി. പിന്നെയുള്ളത് റോയിയുടെ സഹോദരന്‍ റോജോയും സഹോദരി രഞ്ജിനുമാണ്. റോജോ അമേരിക്കയിലാണ്. രഞ്ജിൻ നേരത്തെ ശ്രീലങ്കയിലായിരുന്നു. ഇപ്പൊ എറണാകുളത്താണ്” റൗഫ് പറഞ്ഞു.
ജോളിയോട് ചിരിക്കുമെന്നതിനപ്പുറം സൗഹൃദമുണ്ടായിരുന്നില്ല. എന്നാലും ജോളി പ്രതിയാണെന്നു കരുതിയിരുന്നില്ല. ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് പരാതി നല്‍കുന്നതിനെക്കുറിച്ച് റോജോ ജോളിയോട് സംസാരിച്ചിരുന്നു. അവര്‍ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. നിങ്ങളെല്ലാം ഇതും കഴിഞ്ഞ് പോകും, ഞാനാണു മക്കളെയും കൊണ്ട് കഷ്ടപ്പെണ്ടേതെന്നായിരന്നു ജോളിയുടെ പ്രതികരണം- റൗഫ് പറഞ്ഞു.
ദുരൂഹമരണങ്ങളെക്കുറിച്ച് നാട്ടുകാര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ലെന്നു ഇടവക വികാരി ഫാ. ജോസഫ് ഇടപ്പാട്ടിയില്‍ പറഞ്ഞു. ആ കുടുംബത്തിലെ ചിലർ ഹൃദയസ്തംഭനം മൂലമാണു മരിച്ചതെന്ന തോന്നലുകൊണ്ടായിരിക്കാം. ജോളി മറ്റു വിശ്വാസികളെപ്പോലെ പള്ളിയിലൊക്കെ വരാറുണ്ടായിരുന്നു. കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടേയെന്നും അദ്ദേഹം പറഞ്ഞു.