കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ മുഖം മറച്ചിരുന്ന തുണി മാറ്റാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം.
പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ ജോളിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് ജോളിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഖം തുണികൊണ്ട് മൂടിയായിരുന്നു ആശുപത്രിയില്‍നിന്ന് ജോളിയെ പുറത്തേക്ക് ഇറക്കിയത്. ഈ സമയത്ത് മുഖം മൂടിയിരുന്ന തുണി മാറ്റാന്‍ ഒരാള്‍ ശ്രമിച്ചു. ഇയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കേസിൽ പൊന്നാമറ്റം വീട്ടിലെ നാല് പേരുടെ ഡിഎന്‍എ പരിശോധന നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗത്തിലാണ് പരിശോധന നടന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പള്ളിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പരിശോധിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് വീട്ടിലെ മറ്റ് നാല് പേരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചത്.
Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
അതിനിടെ, ജോളിയുമായി ഉറ്റസൗഹൃദമുണ്ടായിരുന്ന യുവതിയെ കണ്ടെത്താൻ പോലീസ് ശ്രമമാരംഭിച്ചു. ജോളിയുടെ മൊബെെൽ ഫോൺ പരിശോധിച്ച പോലീസ് യുവതിയുമൊത്തുള്ള ജോളിയുടെ നിരവധി ചിത്രങ്ങൾ കണ്ടെത്തിയിരുന്നു.
ജോളിയടക്കമുള്ള പ്രതികളുടെ കസ്റ്റഡി നീട്ടിയിട്ടുണ്ട്. മൂന്ന് പ്രതികളുടെയും കസ്റ്റഡി രണ്ടു ദിവസത്തേക്കാണ് നീട്ടിയത്. വെള്ളിയാഴ്ച വൈകിട്ട് നാലു വരെയാണ് കസ്റ്റഡി. 19-നാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുക.
മൂന്നാം പ്രതി പ്രജികുമാര്‍ സയനൈഡ് കോയമ്പത്തൂരില്‍ നിന്നുമാണ് എത്തിച്ചതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ മൂന്ന് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നായിരുന്നു പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി രണ്ട് ദിവസം കൂടിയാണ് അനുവദിച്ചത്. കസ്റ്റഡി ദിവസം നാളെ അവസാനിക്കുന്നതിനാൽ പ്രതികളെ കോയമ്പൂത്തൂരിലേക്ക് കൊണ്ടുപോകുന്ന തീരുമാനം പൊലീസ് മാറ്റി.