കോഴിക്കോട്: കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കാൻ ആറ് അന്വേഷണ സംഘങ്ങളെ നിയമിക്കും. കൊലപാതക പരമ്പരയിലെ ഓരോ കേസും അന്വേഷിക്കുക പ്രത്യേക സംഘങ്ങൾ. കോഴിക്കോട് ജില്ലയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർ സംഘങ്ങളിൽ ഉണ്ടാകും. അന്വേഷണ സംഘങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആറ് സംഘങ്ങളുടേയും ചുമതല കോഴിക്കോട് റൂറൽ എസ്പി കെ.ജി സൈമണിനായിരിക്കും.

അതേസമയം അറസ്റ്റിലായ പ്രതി ജോളി ആത്മഹത്യ പ്രവണത കാണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡി.ജിപി ലോക്‌നാഥ് ബെഹ്‌റ രംഗത്തെത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

Read More: ‘ജോളി വേറെയും രണ്ട് കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു!’; കുരുക്ക് മുറുക്കി അന്വേഷണസംഘം

രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി കെ.ജി.സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായി എന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നു എന്നും എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു.

Read More: രക്ത സമ്മര്‍ദം കൂടി; ജോളിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി

കൂട്ടക്കൊലപാതക കേസിൽ ശക്‌തമായ തെളിവുണ്ടെന്ന് എസ്‌പി പറഞ്ഞു. റോയിയുടെ മരണത്തിൽ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി.സെെമൺ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് പല കാര്യങ്ങളും അന്വേഷണ സംഘത്തിന് വ്യക്തമായി. കേസ് അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്‌പി പറഞ്ഞു.

കൂടത്തായി കൊലപാതക കേസ് വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ പ്രതികരിച്ചിരുന്നു. എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണു പ്രതീക്ഷ. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്‌പി കെ.ജി.സൈമണുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുകയാണ് കേസിലെ പ്രധാന വെല്ലുവിളി. സയനൈഡിന്റെ തെളിവുകൾ കണ്ടെത്തുക സാധ്യമാണ്. പക്ഷേ ശ്രമകരമാണ്. അതിനുളള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടിയെന്നതു പ്രധാനമാണ്. അത് പ്രത്യേക സംഘം അന്വേഷിക്കും. ആവശ്യമെങ്കിൽ സാമ്പിളുകൾ വിദേശത്തേക്ക് അയയ്ക്കുമെന്നു ഡിജിപി പറഞ്ഞു.

ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. തെളിവു ശേഖരിക്കുന്നതിനും പ്രതികളെ പിടിക്കുന്നതിനുമാണു മുൻഗണന. ഓരോ കേസിലും പ്രത്യേകം എഫ്ഐആർ ഇടുന്നതാണ് ഉത്തമമെന്നും ഡിജിപി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.