കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നും അതുകൊണ്ടാണ് പോസ്റ്റുമോർട്ടം വേണ്ടെന്ന് ഷാജു നിർബന്ധം പിടിച്ചെതെന്നാണ് പൊലീസിന്റെ നിഗമനമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചോദ്യം ചെയ്യലിലെല്ലാം തന്നെ സിലിയുടെ കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നൽകിയിരുന്നത്. അതേസമയം ജോളിയെ തെളിവെടുപ്പിനായി ഇന്ന് വീണ്ടും കൊണ്ടു പോയേക്കും. താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
Read More: ആളൂരല്ല: കൂടത്തായി കൊലപാതകക്കേസിൽ ജോളിക്കുവേണ്ടി അഭിഭാഷകനെ ചുമതലപ്പെടുത്തി കോടതി
താമരശ്ശേരി ദന്താശുപത്രിയിൽ വച്ചാണ് ജോളി സിലിക്ക് സയനൈഡ് നൽകിയത് എന്നാണ് സൂചന. താമരശ്ശേരി പാരിഷ് ഹാളില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം സമീപത്തുള്ള ദന്താശുപത്രിയില്‍ ഷാജുവിന്റെ പല്ല് കാണിക്കാന്‍ സിലിക്കൊപ്പം ജോളിയും ജോളിയുടെ ഇളയ മകനും സിലിയുടെ മകനും എത്തിയിരുന്നു. ജോളി സിലിക്ക് ഗുളികയെടുത്തു നല്‍കിയതും കുടിക്കാന്‍ വെള്ളം കൊടുത്തതുമെല്ലാം സിലിയുടേയു ഷാജുവിന്റേയും മൂത്ത മകൻ പൊലീസിന് മൊഴി കൊടുത്തതായാണ് റിപ്പോർട്ട്.
Read More: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
അതേസമയം ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ജോളിയെ അഞ്ചു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പത്തു ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി, പകരം അഞ്ചു ദിവത്തെ കസ്റ്റഡി കാലാവധി അനുവദിക്കുകയായിരുന്നു. സിലിയുടെ കൊലപാതക കേസിലാണ് ഇപ്പോൾ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. നവംബർ രണ്ടു വരെയാണ് കസ്റ്റഡി കാലാവധി.
സിലിയുടെ മരണത്തിൽ ജോളിയുടെ അറസ്റ്റു രേഖപ്പെടുത്തിയ വിവരം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മറ്റു കൊലപാതക കേസുകളിൽ തെളിവു ശേഖരിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രതികൾ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തതോടെയാണു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ജോളി ജോസഫ്, കെ.പ്രജികുമാർ എന്നിവരെ കോഴിക്കോട് ജില്ലാ ജയിലിലും എം.എസ്.മാത്യുവിനെ സ്പെഷൽ സബ് ജയിലിലുമാണു താമസിപ്പിക്കുന്നത്.