കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപരാതിക്കാരനായ റോജോയില്‍ നിന്ന് മൊഴിയെടുക്കുന്നത് ഇന്നും തുടരും. കഴിഞ്ഞ ദിവസവും റോജോയില്‍ നിന്ന് മൊഴിയെടുത്തിരുന്നു. നിര്‍ണായക വിവരങ്ങള്‍ റോജോ പൊലീസിനു നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ജോളിയെ കുറിച്ച് സംശയമുണ്ടായിരുന്നെന്ന് റോജോ പൊലീസിന് മൊഴി നല്കി. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട റോയിയുടെ സഹോദരനാണ് റോജോ.
Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല. നാട്ടില്‍ ലീവിനു വരുമ്പോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ല. ഭാര്യ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു.
ജീവിച്ചിരിക്കുന്നവർക്കും ആത്മാക്കൾക്കും നീതി കിട്ടണം. പരാതി കൊടുത്താൽ തിരികെ വരാനാകുമോ എന്ന പേടി ഉണ്ടായിരുന്നു. കേസ് പിൻവലിപ്പിക്കാൻ ജോളി സമ്മർദ്ദം ചെലുത്തിയെന്നും റോജോ മാധ്യമങ്ങളോട് പറഞ്ഞു. മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോജോ.
Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി കെ.ജി.സെെമണിൽ പൂർണ വിശ്വാസമുണ്ടെന്നും റോജോ പറഞ്ഞു. തുടക്കത്തിൽ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാൽ, ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും റോജോ പറഞ്ഞു.
പ്രതികളായ ജോളി, മാത്യു, പ്രജികുമാർ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്. കസ്റ്റഡി നീട്ടാൻ താമരശ്ശേരി കോടതിയിൽ പൊലീസ് അപേക്ഷ നൽകും. മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടി തരണമെന്ന് പൊലീസ് ആവശ്യപ്പെടാനാണ് സാധ്യത. പുതുതായി രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ കൂടി പ്രതികളെ ചോദ്യം ചെയ്യേണ്ടതിനാലാണ് കസ്റ്റഡി നീട്ടി ആവശ്യപ്പെടുന്നത്.