scorecardresearch
Latest News

കൂടത്തായി: ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഷാജുവിനു പൊലീസ് നിര്‍ദേശം

നാളെ രാവിലെ വടകര എസ്പി ഓഫീസിലെത്താനാണ് ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

കൂടത്തായി: ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഷാജുവിനു പൊലീസ് നിര്‍ദേശം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ ഭർത്താവ് ഷാജുവിന്  പൊലീസ് നിർദ്ദേശം. നാളെ രാവിലെ വടകര എസ്പി ഓഫീസിലെത്താനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ഷാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഷാജുവിനെ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് ജോളിയെ മാത്രം അറസ്റ്റ് ചെയ്തു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ഷാജുവിനോട് ചോദിക്കും.

അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ച് മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.

Read More: ‘പറ്റിപ്പോയി’; ആറു കൊലപാതകങ്ങളും ചെയ്തത് താനാണെന്നു ജോളി സമ്മതിച്ചതായി എസ്‌പി

പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

കൂടത്തായിയിലെ ആറു കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി.സൈമണ്‍ വ്യക്തമാക്കി. പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പറ്റിപ്പോയെന്നായിരുന്നു ജോളിയുടെ പ്രതികരണമെന്നും കെ.ജി. സൈമണ്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ജോളിയുടെ പ്രധാന ലക്ഷ്യം സമ്പത്തായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു പണം ചെലവഴിച്ചത്. അറസ്റ്റിലായ ജോളിയുള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ട്. ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും എസ്പി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Koodathayi murder case police asks shaju to appear for questioning on monday306412