കൊച്ചി: കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്‌ടങ്ങളിൽ പുനർ പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്. കാലപ്പഴക്കത്തിൽ സയനൈഡിന്റെ അംശം അപ്രത്യക്ഷമായെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
കേസിലെ മുന്നാം പ്രതി സ്വർണക്കടക്കാരൻ പ്രജികുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പൊലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രജികുമാറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ഒന്നാം പ്രതി ജോളിക്ക് സയനൈഡ് ലഭിച്ചത് പ്രജികുമാറിൽ നിന്നാണ്. പ്രജികുമാറിൽ നിന്നാണ് താൻ സയനൈഡ് വാങ്ങി ജോളിക്ക് കൈമാറിയതെന്ന് രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ മൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
കൊല്ലപ്പെട്ട റോയ് മാത്യുവിന്റെ മൃതദേഹത്തിൽ ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കണ്ടെടുത്തുവെന്നും ജോളിയുടെ കുറ്റസമ്മത മൊഴിയുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
അതേസമയം, ജോളിയുടെ വീട്ടിൽ നിന്ന് സയനെെഡ് കണ്ടെത്തിയെന്നും പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നും പൊലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.