കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി മൂന്നു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്നു ഭര്‍ത്താവ് ഷാജു. ഈ മൂന്നു ഫോണുകളും ഇപ്പോൾ കാണാനില്ലെന്നും എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ഷാജു മനോരമ ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ജോളിയുടെ ഫോണില്‍ ഉണ്ടായിരിക്കാമെന്നും ഷാജു പറഞ്ഞു.

അറസ്റ്റ് ചെയ്യുന്നതിനു തൊട്ട് മുമ്പുവരെ ജോളി ഫോണുകൾ ഉപയോഗിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ ജോളി എന്നെ വിളിച്ചു. അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കയ്യിൽ ഫോൺ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുമായി ജോളിക്ക് നല്ല ബന്ധമുണ്ടെന്നും ഷാജു പറഞ്ഞു.

“ജോളി ആദ്യം ഉപയോഗിച്ച ഒരു ചെറിയ ഫോൺ ഉണ്ട്. പിന്നെ ഇളയമകന്റെ ഒരു ഫോൺ. ഇതുകൂടാതെ അടുത്തിടെ വാങ്ങിയ പുതിയ ഫോണുമുണ്ട്. ഫോണിലെ വിവരങ്ങളൊന്നും ഞാൻ നോക്കാറില്ല. സംശയകരമായ ഒന്നും ഫോണിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.” ഷാജു പറഞ്ഞു.

Read Also: കൂടത്തായി കൊലപാതകം വെളളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

ജോളിയുടെ ഫോണുകൾ കണ്ടെത്താൻ അന്വേഷണസംഘം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. ജോളിയുടെയും ഷാജുവിന്റെയും വീട്ടിൽ ഫോണിനായി അന്വേഷണം നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. ഫോൺ കണ്ടെത്തിയാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.

ജോളിയുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ജോളിയുടെ ഫോണിലേക്ക് വിളിച്ചവരും ജോളിയുമായി അടുത്ത ബന്ധമുള്ളവരുമാണ് പൊലീസിന്റെ ലിസ്റ്റിലുള്ളത്.

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലെങ്കിൽ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞു.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

കൂട്ടക്കൊലപാതക കേസിൽ ശക്‌തമായ തെളിവുണ്ടെന്ന് എസ്‌പി പറഞ്ഞു. റോയിയുടെ മരണത്തിൽ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി.സൈമൺ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്‌പി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.