കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി ജോസഫിനെ പൊന്നാമറ്റം വീട്ടിലെത്തിച്ച് പുലർച്ചവരെ പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ വീട്ടിലെ അടുക്കളയിൽ നിന്ന് സയനൈഡ് സൂക്ഷിച്ചുവെന്നു കരുതുന്ന കുപ്പി കണ്ടെത്തി. എന്നാൽ ഇതേക്കുറിച്ച് പൊലീസിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.
അതേസമയം കേസിലെ പരാതിക്കാരൻ റോജോ തോമസിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. വടകര റൂറൽ എസ്പി കെ.ജി സൈമണിന്റെ ഓഫീസിൽ നേരിട്ടെത്തിയായിരിക്കും റോജോ മൊഴി നൽകുക. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ ദിവസമാണ് റോജോ നാട്ടിലെത്തിയത്. സഹോദരി രെഞ്ചിയുടെ വൈക്കത്തെ വീട്ടിലാണ് റോജോ താമസിച്ചത്.
Read More: കൂടത്തായി കൊലക്കേസ്: റോയിയുടെ സഹോദരൻ റോജോ നാട്ടിലെത്തി
പൊന്നാമറ്റം വീട്ടിൽ കൊല്ലപ്പെട്ട ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും ഇളയ മകനാണ് റോജോ. റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചത്. രഞ്ചിക്കും റോജോയ്ക്കും പ്രത്യേക പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞമാസമാണ് സഹോദരന്റെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി റോജോ പൊലീസിൽ പരാതി നൽകിയത്.
വടകര റൂറല്‍ എസ്പി ഓഫീസില്‍ തിങ്കളാഴ്ച കൂടത്തായി കൊലപാതക പരമ്പരയിലെ നിര്‍ണായകമായ ചോദ്യം ചെയ്യലും മൊഴിയെടുക്കലും നടന്നിരുന്നു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സഖറിയാസ് എന്നിവരെ വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷം രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെയും റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു.
അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ ജി സൈമണ്‍, ജോളി, ഷാജു, സഖറിയാസ് എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. 5000 രൂപയും രണ്ട് കുപ്പി മദ്യവും നൽകിയാണ് പ്രജുകുമാറിന്‍റെ കയ്യിൽ നിന്ന് താന്‍ സയനൈഡ് വാങ്ങിയതെന്ന് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ മാത്യു മൊഴി നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ച് മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.