കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജയിലില്‍ വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചു. ജോളിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. രക്ത സമ്മര്‍ദം കൂടിയതാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കാന്‍ കാരണമെന്നു മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ജയിലില്‍ കഴിയുന്ന ജോളിയെ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രവണത ഉള്ളതിനാലാണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജോളിക്കെതിരെ സഹോദരന്‍ നോബി രംഗത്തെത്തിയിരുന്നു. ജോളിയെ ജയിലിൽനിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു. ജോളിക്ക് പണത്തോട് ആര്‍ത്തിയായിരുന്നെന്നും സഹോദരന്‍ നോബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

“ജോളി പണം ആവശ്യപ്പെട്ട് എപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോൾ പണം നല്‍കാറുമുണ്ട്. ജോളിയുടെ ധൂര്‍ത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പും പണം വാങ്ങി. എത്ര പൈസ കിട്ടിയാലും മതിവരാത്ത സ്വഭാവമാണ് ജോളിക്ക്.” നോബി പറഞ്ഞു.

പൊന്നാമറ്റം വീട്ടിലെ ഒസ്യത്തിനെ കുറിച്ചും നോബി പ്രതികരിച്ചു. ഒസ്യത്ത് വ്യാജമാണെന്നു മുന്‍പും തോന്നിയിട്ടുണ്ടെന്ന് നോബി പറഞ്ഞു. കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും നോബി വ്യക്തമാക്കി.

അതേസമയം, ജോളി വേദപാഠം അധ്യാപികയാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് ഇവടക വികാരി പറഞ്ഞു. ജോളിക്ക് പള്ളിയുമായി അടുത്ത ബന്ധമില്ല. പണ്ട് മാതൃവേദി സംഘടനയുടെ ചുമതലയുണ്ടായിരുന്നു. എന്നാൽ, ഷാജുവുമായുള്ള വിവാഹ ശേഷം ജോളിയുടെ പേര് ഇടവക അംഗങ്ങളുടെ പട്ടികയിൽനിന്നു നീക്കിയെന്നും ഇടവക വികാരി പറഞ്ഞു.

Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം

കൂടത്തായി കൊലപാതക കേസ് വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ പ്രതികരിച്ചിരുന്നു. എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണു പ്രതീക്ഷ. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്‌പി കെ.ജി.സൈമണുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും ഡിജിപി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുകയാണ് കേസിലെ പ്രധാന വെല്ലുവിളി. സയനൈഡിന്റെ തെളിവുകൾ കണ്ടെത്തുക സാധ്യമാണ്. പക്ഷേ ശ്രമകരമാണ്. അതിനുളള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടിയെന്നതു പ്രധാനമാണ്. അത് പ്രത്യേക സംഘം അന്വേഷിക്കും. ആവശ്യമെങ്കിൽ സാമ്പിളുകൾ വിദേശത്തേക്ക് അയയ്ക്കുമെന്നു ഡിജിപി പറഞ്ഞു.

ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. തെളിവു ശേഖരിക്കുന്നതിനും പ്രതികളെ പിടിക്കുന്നതിനുമാണു മുൻഗണന. ഓരോ കേസിലും പ്രത്യേകം എഫ്ഐആർ ഇടുന്നതാണ് ഉത്തമമെന്നും ഡിജിപി അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.