കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തു. പ്രതികളോ സഹായികളോ തെളിവു നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് വീട് പൂട്ടി മുദ്ര വച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.

പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റി. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. ചാക്കിൽ എന്താണെന്ന് ചോദിച്ചപ്പോൾ പുസ്‌തകങ്ങളാണെന്ന് ഷാജു പറഞ്ഞതായി ഓട്ടോ ഡ്രെെവർ വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് കൂടുതൽ സാധനങ്ങൾ മാറ്റാൻ സാധ്യതയുള്ളതിനാലാണ് അതിവേഗം വീട് പൂട്ടി സീൽ വച്ചത്.

Read Also: ‘ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വയ്ക്കും; ജോളി കൂടുതല്‍ കൊലപാതകങ്ങള്‍ ചെയ്യുമായിരുന്നു’

കോഴിക്കോട് ജില്ലാ ജയിലിലാണ് മുഖ്യപ്രതിയായ ജോളിയെ പാർപ്പിച്ചിരിക്കുന്നത്. ജോളി ജയിലിൽ വച്ച് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതായി ജയിൽ ജീവനക്കാർ പറഞ്ഞു. പ്രത്യേക നിരീക്ഷണത്തിലാണ് ജോളിയെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ജോളി ഉറങ്ങിയില്ലെന്നും പലപ്പോഴും വലിയ രീതിയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചെന്നും ജയിൽ ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വനിതാ വാർഡൻമാരെയാണ് ജയിലിൽ ജോളിയെ നിരീക്ഷിക്കാൻ നിർത്തിയിരിക്കുന്നത്. ജോളി നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കൂടി സൂചനകളുള്ളതിനാലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 12.15ഒാടെയാണ് ജോളിയെ ജയിൽ എത്തിച്ചത്.

Read Also: ജോളിയെ കുടുക്കിയത് നുണകള്‍. അതിവിദ‌ഗ്‌ധമായി അന്വേഷിച്ച് പൊലീസ്. ജോളിയിലേക്ക് എത്തിയത് ഇങ്ങനെ: സിനിമാ കഥ പോലെ കൊലപാതക പരമ്പര!

മുഖ്യപ്രതി ജോളി

അതേസമയം കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജോളി, മാത്യൂ, പ്രജുകുമാർ എന്നിവരെ 14 ദിവസത്തേക്ക് താമരശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കൂടത്തായി കൊലപാതക പരമ്പരയിൽ റോയിയുടെ മരരണത്തിന് മാത്രമാണ് അന്വേഷണ സംഘത്തിന് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. മറ്റ് കേസുകളില്‍ അന്വേഷണം തുടരുകയാണ്. എല്ലാ മരണങ്ങളും സമാന സ്വഭാവമുള്ളതായിരുന്നു. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഭർത്താവ് റോയിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രചരിപ്പിച്ചത് ജോളിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.