കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഷാജു. താന്‍ കുറ്റം സമ്മതിച്ചതായും കൊലപാതകങ്ങളില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കിയതായും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ഷാജു പറഞ്ഞു. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിനു പിന്നാലെയാണ് ഷാജു ഇക്കാര്യം പറഞ്ഞത്. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം ക്രെെം ബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും ഷാജു പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം ബസിലാണ് ഷാജു തിരിച്ചുപോയത്.

കൂടത്തായി കൊലപാതക കേസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷാജുവിനെ വിട്ടയച്ചതായി റൂറല്‍ എസ്‌‌പി കെ.ജി.സൈമണ്‍ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ നടന്നെന്നും അതിനുശേഷമാണ് ഷാജുവിനെ വിട്ടയച്ചതെന്നും എസ്‌‌പി മാധ്യമങ്ങളോട് പറഞ്ഞു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പറഞ്ഞു.

Read Also: ജോളിയുടെ അടുത്ത് ചെന്നാല്‍ വെള്ളം പോലും കുടിക്കാറില്ല: റോയിയുടെ സഹോദരി

മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഷാജു കുറ്റസമ്മതം നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. ആദ്യ ഭാര്യ സിലിയെയും ഒരു വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത് താനാണെന്ന് ഷാജു കുറ്റസമ്മതം നടത്തിയെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഈ വാര്‍ത്തകളെയെല്ലാം തള്ളിയിരിക്കുകയാണ് ഷാജു. ഇത് വ്യാജ പ്രചാരണമാണെന്ന് ഷാജു പറഞ്ഞു.

ഷാജു കുറ്റക്കാരനാണെന്ന തരത്തിൽ വ്യക്തമായ തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും എസ്‌പി കെ.ജി.സെെമൺ വ്യക്തമാക്കി. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും ഭയം കൊണ്ടാണു പുറത്തുപറയാതിരുന്നതെന്നും ഷാജു മൊഴി നൽകിയെന്ന സൂചനകളാണ് ആദ്യം പുറത്തുവന്നത്.

മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താനും അനുമതിയായിട്ടുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റ പൂര്‍ണപിന്തുണ അറിയിച്ചിട്ടുണ്ടെന്നും എസ്‌പി മാധ്യമങ്ങളോടു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.