scorecardresearch
Latest News

കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം

ജോളിയും ഷാജുവും തമ്മിലുള്ള വിവാഹം കുടുംബാംഗങ്ങളുടെ എതിർപ്പ് മറികടന്നായിരുന്നു. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത സമയത്ത് അവിടെയെല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

Koodathayi Death, കൂടത്തായി മരണങ്ങള്‍, special team, divya s gopinath, jolly, shaju, koodathai new update, cpm, how koodathayi murder, koodathayi new update,, Koodathayi Murder Case History, കൂടത്തായി മരണം പിന്നാമ്പുറം, Kudathayi Death, Six From a Famliy Died,ഒരു കുടുംബത്തിലെ ആറ് മരണം, Mysterious Deaths in a family, ie malayalam

കോഴിക്കോട്: സിനിമാ കഥകളെ വെല്ലുന്ന രീതിയിലാണ് കൂടത്തായിയില്‍ കൊലപാതക പരമ്പര അരങ്ങേറിയത്. 2002 മുതല്‍ 2016 വരെയുള്ള 14 വര്‍ഷങ്ങളിലായി ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. അവസാന മരണം സംഭവിച്ച് പിന്നെയും മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊലപാതക പരമ്പരയില്‍ അന്വേഷണം നടക്കുന്നതും മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

കൂടത്തായിയില്‍ സംഭവിച്ചത്

കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലാണ് കൊലപാതക പരമ്പര അരങ്ങേറുന്നത്. 2002 ഓഗസ്റ്റ് 22 നാണ് ആദ്യ മരണം സംഭവിച്ചത്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും അധ്യാപികയുമായ അന്നമ്മയാണ് മരിച്ചത്. ഓഗസ്റ്റ് 22 ന് രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നമ്മയ്ക്ക് ചില അസ്വസ്ഥതകളുണ്ടായി. ഭക്ഷണത്തിനൊപ്പം അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകുന്നതും പിന്നീട് മരിക്കുന്നതും. വീട്ടിലെ എല്ലാവരും അന്നേദിവസം ഭക്ഷണത്തിനൊപ്പം ആട്ടിന്‍സൂപ്പ് കഴിച്ചിരുന്നു. എന്നാല്‍, അന്നമ്മയ്ക്ക് മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അതുകൊണ്ട് മരണത്തെ കുറിച്ച് മറ്റ് സംശയങ്ങളൊന്നും ഉടലെടുത്തില്ല.

Read Also: കൂടത്തായിയിലെ മരണങ്ങള്‍; നാല് പേര്‍ കസ്റ്റഡിയില്‍

അന്നമ്മ മരിച്ച് ആറു വര്‍ഷം കഴിഞ്ഞാണ് അടുത്ത മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2008 ഓഗസ്റ്റ് 26 നായിരുന്നു രണ്ടാമത്തെ മരണം. ഗൃഹനാഥനായ ടോം തോമസായിരുന്നു മരിച്ചത്. അന്നമ്മ മരിച്ചതിനു സമാനമായ സാഹചര്യമായിരുന്നു ഇതും. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് രാത്രി ഭക്ഷണം കഴിച്ച ശേഷം ടോം തോമസിന് ചില അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും തോന്നി. ഇതേ തുടര്‍ന്ന് ടോം തോമസും മരിച്ചു.

മൂന്നാമത്തെ മരണം സംഭവിക്കുന്നത് 2011 ലാണ്. ടോം തോമസിന്റെയും അന്നമ്മയുടെയും മൂത്ത മകനായ റോയ് തോമസ് (40) 2011 സെപ്റ്റംബര്‍ 30 ന് മരിക്കുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച റോയ് തോമസ് അന്നേ ദിവസം തന്നെ മരിച്ചു. ആദ്യ രണ്ട് മരണങ്ങള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാകാമെന്നു കുടുംബാംഗങ്ങള്‍ കരുതിയിരുന്നു. എന്നാല്‍, റോയ് തോമസിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് ചില സംശയങ്ങള്‍ തോന്നി. ഇതേ തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു.

വിവിധ വർഷങ്ങളിലായി മരണപ്പെട്ടവർ. ടോം തോമസ്, അന്നമ്മ, റോയ്, തോമസ്, മാത്യു, ഫിലി, അൽഫെെൻ

ടോം തോമസിന്റെയും അന്നമ്മയുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയിരുന്നില്ല. റോയ് തോമസിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നിര്‍ണായകമായ സൂചന ലഭിച്ചു. റോയ് തോമസിന്റെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ ദുരൂഹത തോന്നി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടന്നു. എന്നാല്‍, റോയ് തോമസ് ആത്മഹത്യ ചെയ്തതാകാമെന്ന ധാരണയിലായിരുന്നു ബന്ധുക്കള്‍.

പിന്നീട് നാലാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഗൃഹനാഥയായ അന്നമ്മയുടെ സഹോദരന്‍ മാത്യുവിന്റേതാണ്. മഞ്ചാടിയില്‍ കുടുംബാംഗമാണ് മാത്യു. 2014 ഏപ്രില്‍ 24 നായിരുന്നു മാത്യുവിന്റെ മരണം. രാത്രിയില്‍ ഭക്ഷണം കഴിച്ച ശേഷമായിരുന്നു മാത്യുവിന്റെ മരണവും.

Read Also: ഒരേ രീതിയിൽ ആറു മരണം, അടിമുടി ദുരൂഹത

അതിനുശേഷം വീണ്ടും ഈ കുടുംബത്തില്‍ രണ്ട് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. പൊന്നാമറ്റം ടോം തോമസിന്റെ സഹോദരന്‍ സഖറിയയുടെ മകന്‍ ഷാജുവിന്റെ ഭാര്യ ഫിലിയും മകള്‍ അല്‍ഫൈനും രണ്ട് വര്‍ഷത്തെ വ്യത്യാസത്തില്‍ മരിച്ചു. 2014 മേയ് മൂന്നിനാണ് ഷാജുവിന്റെ മകള്‍ അല്‍ഫൈന്‍ മരിക്കുന്നത്. ഇതിനു പിന്നാലെ 2016 ജനുവരി 11 ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.

ഷാജുവും ജോളിയും വിവാഹിതരാകുന്നു

2011 സെപ്റ്റംബര്‍ 30 ന് മരിച്ച റോയ് തോമസിന്റെ ഭാര്യ ജോളിയും ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവും പിന്നീട് വിവാഹിതരായി. ഭാര്യ ഫിലി മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഷാജു ജോളിയെ വിവാഹം ചെയ്യുന്നത്. ഇത് സംശയങ്ങള്‍ക്ക് കാരണമായി.

വഴിത്തിരിവായത് റോജോയുടെ പരാതി

മരിച്ച റോയ് തോമസിന്റെ ഇളയ സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയാന്‍ തുടങ്ങിയത്. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു റോജോ പരാതി നല്‍കിയത്. പിന്നീട് കല്ലറകള്‍ തുറന്ന് ഫൊറന്‍സിക് പരിശോധന നടത്താന്‍ തീരുമാനിച്ചു. മരിച്ചവരുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ കൊലപാതക പരമ്പരയില്‍ വഴിത്തിരിവുണ്ടായി.

അന്വേഷണം ജോളിയിലേക്ക്

പൊലീസ് അറസ്റ്റു ചെയ്ത ജോളി

മരിച്ച റോയ് തോമസിന്റെ ഭാര്യയാണ് ജോളി. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. മരണങ്ങളെല്ലാം കൊലപാതകമാണെന്നു വ്യക്തമായതോടെ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നു. സയനൈഡ് നല്‍കിയാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് നല്‍കിയത് ബന്ധുവും ജുവലറി ജീവനക്കാരനുമായ എം.എസ്.ഷാജി (മാത്യു) വാണ്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാത്യുവിന്റെ സുഹൃത്തും സ്വര്‍ണപ്പണിക്കാരനുമായ പ്രജുകുമാറാണ് സയനൈഡ് എത്തിച്ചുനല്‍കിയത്. ഇവര്‍ മൂന്നു പേരെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൊലപാതകങ്ങളെല്ലാം ചെയ്‌തത് ഒറ്റയ്ക്കാണെന്നു ജോളി സമ്മതിച്ചു. മറ്റാരുടെയും പേര് ജോളി പൊലീസിനോട് പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു സ്‌കറിയക്ക് കൊലപാതകങ്ങളില്‍ പങ്കില്ലെന്നും ജോളി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും സ്വത്ത് തർക്കമുണ്ടായിരുന്നെന്നും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവും പ്രതികരിച്ചിട്ടുണ്ട്.  മരിച്ച റോയിയുടെ സഹോദരിയെ കൊല്ലാനും പ്രതികള്‍ ശ്രമിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തലുമുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Koodathayi murder case history joli arrested