കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹങ്ങളില്‍ സയനൈഡിന്റോയൊ മറ്റ് വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലന്നൊണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫിന്റെ ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസ്, അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയിലാണ് പരിശോധിച്ചത്.
ആറ് പേരായിരുന്നു കൂടത്തായിയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നത്. സയനൈഡിന്റെ അംശം കണ്ടത്തുകയും ചെയ്തിരുന്നു. പിന്നീട് 2020 ജനുവരിയിലാണ് മറ്റ് അഞ്ച് പേരുടേയും അവശിഷ്ടങ്ങള്‍ പരിശോധിച്ചത്.
ജോളിയുടെ രണ്ടാം ഭർത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ സാമ്പിളില്‍ മാത്രമാണ് സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. കോഴിക്കോടെ ലാബിലായിരുന്നു പരിശോധന നടന്നത്. ഇതിന് ശേഷമാണ് വിശദമായ പരിശോധനയ്ക്കായി ഹൈദരാബാദിലെ ലാബിലേക്ക് സാമ്പിളുകള്‍ കൈമാറിയത്.
സ്വത്ത് തട്ടിയെടുക്കുന്നതിനായാണ് ആറ് കൊലപാതകങ്ങളും ജോളി നടത്തിയതെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. 2002-ലാണ് ആദ്യ കൊലപാതകം നടന്നത്. അന്നമ്മയാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് ടോം തോമസ്, റോയ് തോമസ്, എം എം മാത്യു, ആല്‍ഫൈന്‍, സിലി എന്നിവരും കൊല്ലപ്പെട്ടു.
റോയ് തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പിന്നീട് കെ ജി സൈമണിന്റെ നേതൃത്വത്തില്‍ മൂന്ന് മാസത്തോളം അന്വേഷണം നടക്കുകയും ജോളിയിലേക്ക് എത്തുകയുമായിരുന്നു. ജോളിയുടെ സുഹൃത്ത് എം എസ് മാത്യുവാണ് രണ്ടാം പ്രതി. ഇരുവരും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്.