കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതികളെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി ജോളി, മറ്റു പ്രതികളായ പ്രജികുമാർ, മാത്യു എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ 11 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു നൽകണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആറു ദിവസമാണ് അനുവദിച്ചത്.
Read More: ജോളി: കേള്‍ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമോ അതോ കെട്ടുകഥകളോ?
സങ്കീർണമായ കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് അപേക്ഷയിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കൂടത്തായി കൊലപാതക കേസ് വെല്ലുവിളിയെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പ്രതികരിച്ചിരുന്നു. എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണു പ്രതീക്ഷ. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്പി കെ.ജി.സൈമണുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും ഡിജിപി പറഞ്ഞു.
ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും തെളിവു ശേഖരിക്കുന്നതിനും പ്രതികളെ പിടിക്കുന്നതിനുമാണു മുൻഗണനയെന്നും പറഞ്ഞ ഡിജിപി ഓരോ കേസിലും പ്രത്യേകം എഫ്ഐആർ ഇടുന്നതാണ് ഉത്തമമെന്നും അഭിപ്രായപ്പെട്ടു.
Read More: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
അതേസമയം കേസ് അന്വേഷിക്കാൻ ആറ് അന്വേഷണ സംഘങ്ങളെ നിയമിക്കാൻ തീരുമാനമായി. കൊലപാതക പരമ്പരയിലെ ഓരോ കേസും അന്വേഷിക്കുക ഓരോ സംഘങ്ങൾ ആയിരിക്കും. കോഴിക്കോട് ജില്ലയിലെ മികച്ച ഉദ്യോഗസ്ഥർ സംഘങ്ങളിൽ ഉണ്ടാകും. അന്വേഷണ സംഘങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആറ് സംഘങ്ങളുടേയും ചുമതല കോഴിക്കോട് റൂറൽ എസ്പി കെ.ജി സൈമണിനായിരിക്കും.
രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെ.ജി.സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായി എന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നു എന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.
കൂട്ടക്കൊലപാതക കേസിൽ ശക്തമായ തെളിവുണ്ടെന്ന് എസ്പി പറഞ്ഞു. റോയിയുടെ മരണത്തിൽ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി.സെെമൺ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് പല കാര്യങ്ങളും അന്വേഷണ സംഘത്തിന് വ്യക്തമായി. കേസ് അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്പി പറഞ്ഞു.