കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ പരാതിക്കാരനും കൊല്ലപ്പെട്ട റോയിയുടെ സഹോദരനുമായ റോജോ തോമസ് അമേരിക്കയിൽനിന്നു നാട്ടിലെത്തി. കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ആവശ്യപ്പെട്ടതു പ്രകാരമാണ് റോജോ നാട്ടിലെത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പൊലീസിന്റെ അകമ്പടിയോടെ റോജോ വൈക്കത്തെ സഹോദരി രെഞ്ചിയുടെ വീട്ടിലേക്കാണ് പോയത്.
പൊന്നാമറ്റം വീട്ടിൽ കൊല്ലപ്പെട്ട ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും ഇളയ മകനാണ് റോജോ. റോജോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം പുനരാരംഭിച്ചത്. രഞ്ചിക്കും റോജോയ്ക്കും പ്രത്യേക പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Read More: കൂടത്തായി: ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഷാജുവിനു പൊലീസ് നിര്‍ദേശം
ഇന്നോ നാളെയോ ക്രൈംബ്രാഞ്ച് റോജോയുടെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞമാസമാണ് സഹോദരൻ റോയിയുടെ മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി റോജോ പൊലീസിൽ പരാതി നൽകിയത്.
അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ജോളിയുടെ ഭർത്താവ് ഷാജുവിന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ വടകര എസ്പി ഓഫീസിലെത്താനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസ് ഷാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിയാണ് ഇക്കാര്യം അറിയിച്ചത്.
ഷാജുവിനെ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് ജോളിയെ മാത്രം അറസ്റ്റ് ചെയ്തു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ഷാജുവിനോട് ചോദിക്കും.
അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് ഇമ്പിച്ച് മൊയ്തീന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നതായാണ് ഫോണ്‍ രേഖകള്‍. അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.
കൂടത്തായിയിലെ ആറു കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി കെ.ജി.സൈമണ്‍ വ്യക്തമാക്കി. പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പറ്റിപ്പോയെന്നായിരുന്നു ജോളിയുടെ പ്രതികരണമെന്നും കെ.ജി. സൈമണ്‍ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ജോളിയുടെ പ്രധാന ലക്ഷ്യം സമ്പത്തായിരുന്നു. ആര്‍ഭാട ജീവിതം നയിക്കാനായിരുന്നു പണം ചെലവഴിച്ചത്. അറസ്റ്റിലായ ജോളിയുള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകളുണ്ട്. ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും എസ്പി വ്യക്തമാക്കി.