കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ ദേഹത്തുനിന്ന് കണ്ടെത്തിയ ഏലസ് പൂജിച്ച് നൽകിയതെന്ന് കരുതുന്ന കട്ടപ്പന സ്വദേശിയായ ജോത്സ്യൻ കൃഷ്ണകുമാർ തിരിച്ചെത്തി. താൻ മുങ്ങിയതോ ഒളിവിൽ പോയതോ അല്ല, ക്ഷേത്ര ദർശനത്തിന് പോയതായിരുന്നുവെന്നും സ്ഥലത്ത് റേഞ്ച് ഇല്ലാതിരുന്നതിനാലാണ് ഫോൺ എടുക്കാതിരുന്നതെന്നും കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെയോ റോയിയെയോ തനിക്ക് അറിയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
ഇരുവരേയും കണ്ടതായി ഓർക്കുന്നില്ലെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. തകിട് പൂജിച്ച് നൽകാറുണ്ട്. അതിനുള്ളിൽ ഭസ്മമാണ്. എന്നാൽ ഭസ്മം കലക്കി കുടിക്കാൻ താൻ ആരോടും പറയാറില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.
Read More: കൂടത്തായി കൂട്ടക്കൊല: പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
ഏതോ കേസിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ചിൽനിന്നു തനിക്ക് വിളി വന്നിരുന്നു. എന്നാൽ താനത് ഗൗരവമായി എടുത്തിരുന്നില്ല. ഏത് അന്വേഷണവുമായി സഹകരിക്കാനും താൻ തയ്യാറാണെന്നും കൃഷ്ണകുമാർ വ്യക്തമാക്കി.
കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ജോത്സ്യനിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. മരിക്കുമ്പോള്‍ റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിട് നല്‍കിയത് കട്ടപ്പനയിലെ ജോത്സ്യനാണെന്നായിരുന്നു ജോളിയുടെ മൊഴി. ജോത്സ്യന് റോയിക്ക് പൊടി നല്കാറുണ്ടായിരുന്നുവെന്നും ജോളി പറഞ്ഞിരുന്നു.
അതേസമയം കേസിലെ മുഖ്യ പ്രതി ജോളിയെയും രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെയും ഹാജരാക്കാനായി കോടതിയിൽ എത്തിച്ചു. പ്രതികളെ 11 ദിവസം കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടും. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് മൂവരെയും ഹാജരാക്കുന്നത്.
സങ്കീർണമായ കേസായതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കും. കസ്റ്റഡിയിൽ കിട്ടുന്ന പക്ഷം, പ്രതികളെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാകും തെളിവെടുപ്പ് നടത്തുക.