കോഴിക്കോട്: കൂടത്തായി കൂട്ടമരണക്കേസിലെ മുഖ്യപ്രതി ജോളിയ്ക്കു വേണ്ടി വാദിക്കാൻ അഡ്വക്കറ്റ് ബി.എ ആളൂർ ഹാജരായേക്കുമെന്നു സൂചന. ഇക്കാര്യം ആവശ്യപ്പെട്ട് ജോളിയുടെ അടുത്ത ബന്ധുക്കൾ തന്നെ ബന്ധപ്പെട്ടതായി ആളൂർ വ്യക്തമാക്കി. കേസന്വേഷണ പുരോഗതി അറിഞ്ഞശേഷം മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണു ജോളിയുടെ അടുത്ത ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ആളൂർ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

നിലവിൽ കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. 15 ദിവസമെങ്കിലും കഴിഞ്ഞേ എങ്കിലും എന്തെങ്കിലും പറയാൻ കഴിയൂവെന്നും ആളൂർ പ്രതികരിച്ചു. കേസിൽ ജോളിക്ക് അനുകൂലമായ ഘടകങ്ങൾ ഉണ്ടാകുമോ എന്നറിയില്ല. കൊലപാതകങ്ങൾ നടന്ന സമയത്തെ ജോളിയുടെ മാനസികാവസ്ഥയും ചെറുപ്പം മുതൽ അവർ കടന്നുപോയ ജീവിത സാഹചര്യങ്ങളും എന്തെന്ന് അന്വേഷിച്ച് മനസിലാക്കണമെന്നും ആളൂർ പറഞ്ഞു.

നേരത്തേ സൗമ്യ വധക്കേസിൽ പ്രതിയായ ഗോവിന്ദച്ചാമിക്കു വേണ്ടിയും പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിനു വേണ്ടിയും ആളൂരാണ് കോടതിയിൽ ഹാജരായത്.

അതേസമയം കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷിക്കാൻ ആറ് അന്വേഷണ സംഘങ്ങളെ നിയമിക്കുമെന്നു കേരള പൊലീസ് വ്യക്തമാക്കി. കൊലപാതക പരമ്പരയിലെ ഓരോ കേസും അന്വേഷിക്കുക പ്രത്യേക സംഘങ്ങളായിരിക്കും. കോഴിക്കോട് ജില്ലയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർ സംഘങ്ങളിൽ ഉണ്ടാകും. അന്വേഷണ സംഘങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആറ് സംഘങ്ങളുടെയും ചുമതല കോഴിക്കോട് റൂറൽ എസ്പി കെ.ജി സൈമണിനായിരിക്കും.

രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി കെ.ജി സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്‌പി കെ.ജി സൈമണ്‍ പറഞ്ഞു.

കേസിൽ ശക്‌തമായ തെളിവുണ്ടെന്ന് എസ്‌പി പറഞ്ഞു. റോയിയുടെ മരണത്തിൽ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി സെെമൺ മാധ്യമങ്ങളോട് പറഞ്ഞു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിനു മുൻപ് പല കാര്യങ്ങളും അന്വേഷണ സംഘത്തിനു വ്യക്തമായി. കേസ് അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്‌പി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.