കോഴിക്കോട്: ഷാജുവിന്റെ ഒന്നര വയസുള്ള കുട്ടിയെ കൊന്നതു താന്‍ തന്നെയെന്നു ജോളി സമ്മതിച്ചതായി പൊലീസ്. ആല്‍ഫൈനെ കൊന്നതു ജോളി തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും പൊലീസ് അറിയിച്ചു.
ബ്രെഡില്‍ സയനൈഡ് പുരട്ടി ആല്‍ഫൈന് നല്‍കുകയായിരുന്നു. ആല്‍ഫൈനായി ഷാജുവിന്റെ സഹോദരി കരുതിവച്ച ബ്രെഡില്‍ ജോളി തന്റെ പക്കലുണ്ടായിരുന്ന സയനൈഡ് കുപ്പിയില്‍ വിരല്‍ മുക്കി പുരട്ടുകയായിരുന്നു. ഷാജുവുമൊത്തുള്ള ജീവിതത്തിന് തടസമാകാതിരിക്കാനായിരുന്നു ആല്‍ഫൈനെ കൊന്നതെന്നും പോലീസ് പറഞ്ഞു.
ജോളിയില്‍നിന്ന് ആവശ്യമുള്ള തെളിവുകള്‍ കിട്ടിയതായി റൂറല്‍ എസ്.പി കെ.ജി സൈമണ്‍ അറിയിച്ചു. നേരത്തേതില്‍നിന്നു വ്യത്യസ്തമായി ജോളി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നു രാവിലെ മുതല്‍ ജോളിയെ എസ്പി ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്.
തെളിവെടുപ്പിനായി ജോളിയെ കഴിഞ്ഞ ദിവസം പൊന്നാമറ്റം വീട്ടില്‍ എത്തിച്ചിരുന്നു. തെളിവെടുപ്പില്‍ സയനൈഡ് എന്ന് സംശയിക്കുന്ന പൊടി കണ്ടെത്തിയതായാണു വിവരം. ഇതു പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. കനത്ത പൊലീസ് സുരക്ഷയിലാണു ജോളിയെ പൊന്നാമറ്റത്ത് എത്തിച്ചത്. എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണു പ്രതികളെ കൂടത്തായിയിൽ എത്തിച്ചത്.