കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ കേസില്‍ മരിച്ച റോയിയുടെ ഭാര്യ ജോളിയേയും ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സ്‌കറിയയേയും ഷാജുവിന്റെ പിതാവ് സ്‌കറിയയേയും ജ്വല്ലറി ജീവനക്കാരനായ മാത്യുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരന്റെ മകനാണ് ഷാജു. ഇയാളുടെ ഭാര്യ സിലിയും പത്ത് മാസം പ്രായമുള്ള കുഞ്ഞും നേരത്തെ മരിച്ചിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. ആറ് പേരെയും ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊന്നതാണെന്നാണ് പൊലീസ് പറയുന്നത്. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2002 ലാണ് ആദ്യം മരണമുണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് സംഭവം ഒരു സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവിലേക്ക് തിരിഞ്ഞിരിക്കുന്നത്. റിട്ടയര്‍ഡ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മച്ചാടിയില്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്റെ ഭാര്യ ഫിലി, ഇവരുടെ ഒരു വയസുകാരന്‍ മകന്‍ അല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്.

2002 നും 2016 നും ഇടയിലാണ് ആറ് മരണങ്ങളും നടക്കുന്നത്. ആദ്യം മരിച്ചത് അന്നമ്മയായിരുന്നു. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെയായിരുന്നു കുഴഞ്ഞ് വീഴുന്നതും മരിക്കുന്നതും. 2011 ല്‍ റോയ് മരിച്ചപ്പോള്‍ ചിലര്‍ സംശയമുന്നിയിച്ചെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല.

ഇന്നലെ അന്വേഷണ സംഘം കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ചു. കൂടത്തായി ലൂര്‍ദ് മാതാ പള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ് മേരീസ് പള്ളിയിലെ സെമിത്തേരിയിലുമാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.