കൊച്ചി: കൂടത്തായി കൊലപാതക പരമ്പരകേസിലെ മൂന്നാം പ്രതിയായ പ്രജികുമാറിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചത്.

ഇതേ കേസിൽ പ്രജികുമാറിന്റെ ആദ്യ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതി 61 ദിവസമായി റിമാൻഡിലാണെന്നും സമാനമായ കേസിൽ മറ്റൊരു കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ടെന്നതും കണക്കിലെടുത്താണ് കോടതിയുടെ നടപടി.

അന്വേഷണവുമായി സഹകരിക്കണം, മൂന്ന് മാസത്തേക്ക് എല്ലാ ശനിയാഴ്ചകളിലും ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പാസ്‌പോർട്ട് വിചാരണക്കോടതിയിൽ കെട്ടിവയ്ക്കണം എന്നിവയാണ് ഉപാധികൾ. 40,000 രൂപയും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.

Read Also: കൂടത്തായി കൊലപാതക പരമ്പര: സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ്

അതേസമയം, കൂടത്തായി റോയ് തോമസ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഭാര്യ ജോളിയുൾപ്പടെ നാല് പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1800 പേജുള്ള കുറ്റപത്രം ഡിവൈഎസ്‌പി ആർ.ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

കേസിൽ ജോളി ഒന്നാം പ്രതിയും എം.എസ്.മാത്യു രണ്ടാം പ്രതിയുമാണ്. പ്രജികുമാർ മൂന്നും മനോജ് നാലാം പ്രതിയുമാണ്. രണ്ടാം പ്രതി എം.എസ്.മാത്യു വഴി ജോളിക്ക് സയനൈഡ് കൈമാറിയെന്നാണ് പ്രജികുമാറിനെതിരായ കുറ്റം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.