കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഭാര്യ ജോളിയുൾപ്പടെ നാല് പേരെ പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 1800 പേജുള്ള കുറ്റപത്രം ഡിവൈഎസ്പി ആർ.ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താമരശേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.
കേസിൽ ജോളി ഒന്നാം പ്രതിയും എം.എസ്.മാത്യു രണ്ടാം പ്രതിയുമാണ്. പ്രജികുമാർ മൂന്നും മനോജ് നാലാം പ്രതിയുമാണ്. 246 സാക്ഷികളാണുള്ളത്. എന്നാൽ മാപ്പ് സാക്ഷികളില്ല. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ, വിഷം കയ്യിൽ വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. കുറ്റപത്രത്തോടൊപ്പം അനുബന്ധ രേഖകളും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.
കുറ്റപത്രം ഫയലിൽ സ്വീകരിച്ച താമരശേരി മജിസ്ട്രേറ്റ് കോടതി ഇത് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറും. വിചാരണ നടക്കേണ്ടത് എവിടെയെന്ന് തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
സംതൃപ്തിയോടെയാണ് കുറ്റപത്രം സമർപ്പിക്കുന്നത് എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. റോയിയെ കൊലപ്പെടുത്തിയത് വെള്ളത്തിലും കടലക്കറിയിലും സനെെഡ് കലർത്തിയാണ്. നിരവധി വ്യാജരേഖകൾ ജോളിയുണ്ടാക്കി. ബി.കോം, എം.കോം, യുജിസി നെറ്റ് ഉൾപ്പടെയെല്ലാം വ്യാജമാണ്. മൂന്ന് പേരെ കൂടി കൊല്ലാനും ജോളി പദ്ധതിയിട്ടിരുന്നതായും എസ്പി പറഞ്ഞു.
റോയ് തോമസ് വധക്കേസില്‍ ഡിഎന്‍എ ടെസ്റ്റ് ആവശ്യമില്ലെന്നു റൂറല്‍ എസ്പി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. സയനൈഡ് കണ്ടെത്തിയ രാസപരിശോധനാഫലം കുറ്റപത്രത്തിലുണ്ട്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് ഈ കേസില്‍ ബന്ധമില്ല. മറ്റ് കേസുകളില്‍ ഷാജുവിന് ബന്ധമില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എസ്പി കൂട്ടിച്ചേർത്തു.