കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യപ്രതി ജോളിയെ ചോദ്യം ചെയ്യുന്നത് തുടരും. അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്ന വിദഗ്ധ സംഘവും ഇന്ന് കൂടത്തായിൽ എത്തുന്നുണ്ട്. എസ്‍പി ദിവ്യ.എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘമാണ് പരിശോധനകൾക്കായി എത്തുന്നത്. പൊലീസ് സീൽ ചെയ്തിരിക്കുന്ന പൊന്നാമറ്റം വീട്ടിലുൾപ്പെടെ ഇവർ പരിശോധന നടത്തുമെന്നാണ് സൂചന.
ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘം നടത്തുന്ന പരിശോധനയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
Also Read: ‘സയനൈഡില്‍ വിരല്‍ തൊട്ട് ബ്രെഡില്‍ പുരട്ടി’; ആല്‍ഫൈനെ കൊന്നെന്ന് ജോളി സമ്മതിച്ചതായി പോലീസ്
കേസ് അന്വേഷണത്തെ കൂടുതൽ സഹായിക്കുന്നതിനാണ് ഇത്തരത്തിലൊരു ടീമിനെ ഡിജിപി നിയോഗിച്ചത്. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ.വി ഗോപിനാഥിന്ററെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടർ, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടർ, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവി എന്നിവരാണ് മറ്റ് അംഗങ്ങൾ.
Also Read: കൂടത്തായി കൂട്ടക്കൊല: അന്വേഷണം പൊലീസിന് വെല്ലുവിളിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ
ഫോറൻസിക് വിദഗ്‍ധരുടെ സംഘവുമായി ഡിജിപി നേരത്തെ ചർച്ച നടത്തിയിരുന്നു. കൂടത്തായി കേസ് തെളിയിക്കുന്നത് പൊലീസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ ഇന്നലെ പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വിദഗ്‍ധരെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. കേരള പൊലീസിലെ ഏറ്റവും സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുക. കൂടുതൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താൻ ശ്രമിക്കുമെന്നും വിഷാംശം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ ഡിജിപി, വേണ്ടി വന്നാൽ വിദേശ ഫോറൻസിക് സഹായം ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.