കോഴിക്കോട്: പൊന്നാമറ്റം വീടിനു ദോഷമുണ്ടെന്നും അതിനാല്‍ കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കാന്‍ സാധ്യതയുണ്ടെന്നും ജോളി നാട്ടുകാര്‍ക്കിടയില്‍ പ്രചരിപ്പിച്ചിരുന്നതായി അയല്‍വാസികള്‍. കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ജോളിയെ തങ്ങളാരും സംശയിച്ചിരുന്നില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

പൊന്നാമറ്റം വീടിനു ദോഷമുള്ളതുകൊണ്ട് കുടുംബത്തിലെ കൂടുതല്‍ പേര്‍ മരിക്കുമെന്നു കട്ടപ്പനയിലുള്ള ജ്യോത്സ്യന്‍ പറഞ്ഞതായി ജോളി തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. കൊല്ലപ്പെടുന്നതിനു മുന്‍പ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയും ഈ കഥ വിശ്വസിച്ചു. ദോഷം മാറ്റാനുള്ള പൂജകളും പരിഹാര ക്രിയകളും റോയി നടത്തിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. റോയിയുടെ ശരീരത്തില്‍ നിന്ന് ഏലസ് കണ്ടെത്തുകയും ചെയ്തിരുന്നു.

Read Also: കൂടത്തായി കൊലപാതകം വെളളിത്തിരയിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

മരിക്കുന്നതിനു മുന്‍പ് റോയി പൂജകളും വഴിപാടുകളും നടത്തിയിരുന്നതായി റോയിയുടെ ബന്ധുക്കളും നേരത്തെ പറഞ്ഞിരുന്നു. കട്ടപ്പനയിലുള്ള ജ്യോത്സ്യനാണു റോയിക്ക് ഏലസ് നല്‍കിയത്. ജ്യോത്സ്യനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

അതേസമയം, കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറകള്‍ തുറന്നു പരിശോധിക്കുന്ന സമയത്ത് ജോളി അസ്വസ്ഥയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സാഹചര്യത്തെളിവുകള്‍ തനിക്കെതിരാണെന്നും കസ്റ്റഡയിലെടുക്കാന്‍ സാധ്യതയുണ്ടെന്നും കല്ലറ തുറന്ന ദിവസം ജോളി പറഞ്ഞതായി അയല്‍വാസികള്‍ വെളിപ്പെടുത്തി.

എൻ‌ഐടിയിലെ അധ്യാപികയാണെന്ന് എല്ലാവരോടും പറഞ്ഞിട്ടുള്ളതിനാൽ ആർക്കും ജോളിയിൽ സംശയം തോന്നിയില്ല. അധ്യാപികയായതിനാൽ എല്ലാവർക്കും ജോളിയോട് ബഹുമാനമായിരുന്നു. അതുകൊണ്ടാണു ജോളി പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വസിച്ചിരുന്നതെന്നും അയൽവാസികൾ പറയുന്നു.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

ജോളിയുടെ മൊബെെൽ ഫോണുകൾ കണ്ടെത്താനുള്ള അന്വേഷണവും ഇപ്പോൾ നടക്കുന്നുണ്ട്. ജോളി മൂന്നു മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്നു ഭര്‍ത്താവ് ഷാജു നേരത്തെ പറഞ്ഞിരുന്നു. ഈ മൂന്നു ഫോണുകളും ഇപ്പോൾ കാണാനില്ലെന്നും എവിടെയാണെന്നു തനിക്ക് അറിയില്ലെന്നും ഷാജു മനോരമ ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ ജോളിയുടെ ഫോണില്‍ ഉണ്ടായിരിക്കാമെന്നും ഷാജു പറഞ്ഞു.

അറസ്റ്റ് ചെയ്യുന്നതിനു തൊട്ട് മുമ്പുവരെ ജോളി ഫോണുകൾ ഉപയോഗിച്ചിരുന്നു. അറസ്റ്റ് ചെയ്യുന്ന ദിവസം രാവിലെ ജോളി എന്നെ വിളിച്ചു. അടുത്ത സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ കയ്യിൽ ഫോൺ ഉണ്ടാകാമെന്നും ഷാജു പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുമായി ജോളിക്കു നല്ല ബന്ധമുണ്ടെന്നും ഷാജു പറഞ്ഞു.

“ജോളി ആദ്യം ഉപയോഗിച്ച ഒരു ചെറിയ ഫോൺ ഉണ്ട്. പിന്നെ ഇളയമകന്റെ ഒരു ഫോൺ. ഇതുകൂടാതെ അടുത്തിടെ വാങ്ങിയ പുതിയ ഫോണുമുണ്ട്. ഫോണിലെ വിവരങ്ങളൊന്നും ഞാൻ നോക്കാറില്ല. സംശയകരമായ ഒന്നും ഫോണിൽ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.” ഷാജു പറഞ്ഞു.

ജോളിയുടെ ഫോണുകൾ കണ്ടെത്താൻ അന്വേഷണസംഘം കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. ജോളിയുടെയും ഷാജുവിന്റെയും വീട്ടിൽ ഫോണിനായി അന്വേഷണം നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. ഫോൺ കണ്ടെത്തിയാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ സാധിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ജോളിയുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ജോളിയുടെ ഫോണിലേക്കു വിളിച്ചവരും ജോളിയുമായി അടുത്ത ബന്ധമുള്ളവരുമാണു പൊലീസിന്റെ ലിസ്റ്റിലുള്ളത്.

Read Also: ജോളിയെ കുടുക്കിയത് നുണകള്‍; ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചു. ഇപ്പോള്‍ ജോളിയെ പിടികൂടിയതു നന്നായെന്നും ഇല്ലെങ്കിൽ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു.

കൂട്ടക്കൊലപാതക കേസിൽ ശക്‌തമായ തെളിവുണ്ടെന്ന് എസ്‌പി പറഞ്ഞു. റോയിയുടെ മരണത്തിൽ വ്യക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നും കെ.ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തിൽ ബാഹ്യസമ്മർദമില്ല. വളരെ ഗൗരവകരമായ കേസാണിതെന്നും എസ്‌പി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook