കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര ഇതിവൃത്തമാക്കി മോഹന്‍ലാലിനെ നായകനാക്കി ഉൾപ്പെടെ നിര്‍മിക്കുന്ന സിനിമകളുടെയും സീരിയലിന്റെയും നിര്‍മാതാക്കള്‍ക്കു കോടതി നോട്ടിസ്. താമരശേരി മുന്‍സിഫ് കോടതിയാണു നോട്ടിസ് അയച്ചത്.
ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമയും നടിയുമായ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണു കോടതി നോട്ടീസ് അയച്ചത്. നിര്‍മാതാക്കള്‍ 13നു കോടതിയില്‍ ഹാജരാകണം.
കൂടത്തായ് കേസിലെ മുഖ്യപ്രതി ജോളി തോമസിന്റെയും കൊല്ലപ്പെട്ട റോയ് തോമസിന്റെയും മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ്, റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ എന്നിവരുടെ ഹര്‍ജിയിലാണു കോടതി ഇടപെടല്‍.
Also Read: സ്വന്തം മക്കൾളുടെ വിലയായി അഞ്ചര ലക്ഷം രൂപ ഭാര്യയ്ക്ക് കൊടുക്കേണ്ടി വന്ന അച്ഛനാണ് ഞാൻ: സോമദാസ്
സിനിമാ-സീരിയല്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ എം.മുഹമ്മദ് ഫിര്‍ദൗസ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
വിദ്യാര്‍ഥികളായ റെമോയും റെനോള്‍ഡും തങ്ങളുടെതല്ലാത്ത കാരണത്താല്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണ്. പഠിക്കാന്‍പോലും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത് സിനിമകളും സീരിയല്‍ പരമ്പരകളും പുറത്തിറങ്ങുന്നത് അവരുടെ ഭാവിക്കു കൂടുതല്‍ ദോഷം ചെയ്യും. അത് അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ജോളിയെ എതിര്‍കക്ഷിയാക്കിയാണു ഹര്‍ജി സമര്‍പ്പിച്ചത്.
മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ ‘കൂടത്തായ്’ എന്ന പേരിലാണു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരിലും സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയുടെ കൂടത്തായ് എന്ന പരമ്പര തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യാനിരിക്കുകയാണ്.