കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ ഭർത്താവ് ഷാജു ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. പയ്യോളി ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയ ഷാജുവിനെ ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി വടകര റൂറൽ എസ്‌പി ഓഫിസിലേക്ക് എത്തിച്ചു. ഷാജുവിനെതിരെ നിർണായകമായ മൊഴി ജോളി നൽകിയിട്ടുണ്ടെന്നാണ് സൂചന.
Also Read: കടുത്ത മാനസിക സംഘർഷത്തിൽ, ജോളിയുടെ മകന്റെ ആരോപണങ്ങളുടെ കാരണമറിയില്ല: ഷാജു
താൻ നിരപരാധിയാണെന്നാണ് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു നേരത്തെ പറഞ്ഞിരുന്നു. വിവാഹത്തിന് മുൻകൈയെടുത്തത് ജോളിയായിരുന്നു, വിവാഹത്തിന് മുമ്പ് ജോളിക്ക് തന്നോട് താൽപര്യം ഉണ്ടായിരുന്നെന്നും ഇതിൽ താൻ അസ്വസ്ഥനായിരുന്നെന്നും ഷാജു പറഞ്ഞു. താൻ കടുത്ത മാനസിക സംഘർഷത്തിലാണെന്നും കൊല്ലപ്പെട്ട റോയിയുടേയും പ്രതി ജോളിയുടെയും മകന്റെ ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു പറഞ്ഞു.
തന്റെ ആദ്യ ഭാര്യ സിലിയുടെയും മകളുടെയും കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നെന്നു ജോളി മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഇന്ന് രാവിലെ ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും പൊലീസെത്തി പരിശോധന നടത്തി.
Also Read: ജോളിയെ കുടുക്കിയത് നുണകള്‍; ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ
കൂടത്തായി റെജിയുടെ മാതാവ് അന്നമ്മ തോമസിനെ കൊലപ്പെടുത്താൻ നേരത്തെയും ജോളി ശ്രമം നടത്തിയിരുന്നുവെന്നു അന്വേഷണ സംഘം. രണ്ടാം ശ്രമത്തിലാണ് അന്നമ്മ കൊല്ലപ്പെട്ടത്. ഭക്ഷണത്തിൽ വിഷം കലർത്തിയാണ് ആദ്യ തവണയും കൊല്ലാൻ ശ്രമിച്ചത്. എന്നാൽ വിഷാംശം കുറവായതിനാൽ രക്ഷപ്പെട്ടു. പിന്നീട് ഭക്ഷണത്തിൽ കൂടുതൽ വിഷം നൽകിയാണ് കൊലപ്പെടുത്തിയത്. കൂടത്തായി കൊലപാതക പരമ്പരയിൽ ആദ്യം കൊല്ലപ്പെട്ടത് അന്നമ്മ തോമസായിരുന്നു. 2002ലാണ് അന്നമ്മ തോമസ് കൊല്ലപ്പെടുന്നത്.
Also Read: തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം, സത്യം പുറത്തുവരട്ടെ: ജോളിയുടെ മകന്‍
സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്നമ്മയുടെയും ടോം തോമസിന്റെയും കൊലയിലേക്ക് ജോളിയെ നയിച്ചത്. റോയിയുടെ സഹോദരി റെജി തോമസിനെയും കൊലപ്പെടുത്താൻ ജോളി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കഷായത്തിൽ വിഷം കലർത്തിയായിരുന്നു വധശ്രമം.