കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടക്കുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി  കണ്ടെത്തുകയാണു പ്രധാന ലക്ഷ്യം. മുഖ്യപ്രതി ജോളിയുമായി അന്വേഷണസംഘം പൊന്നാമറ്റം വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രകോപിതരായി.

വലിയ ജനാവലിയാണു പൊന്നാമറ്റം വീടിനുപുറത്ത് തടിച്ചുകൂടിയത്. പൊലീസ് ഏറെ പ്രയാസപ്പെട്ടാണു ജോളിയെയും കൊണ്ട് അകത്തേക്കു പ്രവേശിച്ചത്. ജോളിയെ കണ്ടതും ജനക്കൂട്ടം കൂവി വിളിക്കാന്‍ തുടങ്ങി. അസഭ്യവര്‍ഷവുമുണ്ടായി. കൂട്ടുപ്രതി എം.എസ് മാത്യുവിനെയും തെളിവെടുപ്പിനായി പൊന്നാമറ്റം വീട്ടിലെത്തിച്ചു. പൊന്നാമറ്റം വീടിന് പുറമെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു സഖറിയയുടെ വീട്, കൊല്ലപ്പെട്ട മാത്യു മഞ്ചാടിയിലിന്റെ വീട് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടക്കും.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

സയനെെ‌ഡ് കണ്ടെത്താനുള്ള അന്വേഷണമാണു പൊലീസ് ഇപ്പോൾ നടത്തുന്നത്. കൊല‌യ്ക്ക് ഉപയോഗിച്ചതിന്റെ ബാക്കി സയനെെഡ് കണ്ടെത്തിയാൽ അത് കേസിനു കൂടുതൽ കരുത്താകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ, സയനെെഡ് ബാക്കിയില്ലെന്നാണു ജോളി ആവർത്തിച്ചു പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

കനത്ത പൊലീസ് സുരക്ഷയിലാണു ജോളിയെ പൊന്നാമറ്റത്ത് എത്തിച്ചത്. എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണു പ്രതികളെ കൂടത്തായിയിലേക്ക് എത്തിച്ചത്. ജോളിയെ വീടിനുള്ളിൽ ഇരുത്തിയാണു പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നത്. പുറത്തിറക്കിയാൽ ജനക്കൂട്ടം കൂടുതൽ പ്രകോപിതരാകും എന്നതിനാലാണിത്. ജോളി പറയുന്നതിനനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്.

Read Also: ജോളി: കേള്‍ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമോ അതോ കെട്ടുകഥകളോ?

നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച് തന്നെയാണെന്ന് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മനോരമ ന്യൂസും മാതൃഭൂമി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. റൂറല്‍ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനു ശേഷമുള്ള വിവരങ്ങളാണു മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

അന്നമ്മയ്ക്കു നല്‍കിയത് കീടനാശിനിയാണെന്നാണു ജോളി മൊഴിനൽകിയതായാണു വിവരം. മറ്റ് നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായും ജോളി ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

Read Also: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം

ആദ്യ ഭര്‍ത്താവ് റോയിയെ കൊല്ലാന്‍ ജോളി തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നു. ജോളിയുടെ കസ്റ്റഡി അപേക്ഷയിലാണ് നാല് കാരണങ്ങൾ പൊലീസ് പറഞ്ഞത്.

റോയിയുടെ മദ്യപാനശീലത്തിലും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നു. റോയിക്ക് സ്ഥിരവരുമാനം ഇല്ലായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാനുമാണു റോയിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു.

Read Also: ജോളിയെ കുടുക്കിയത് നുണകള്‍; ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ

മുഖ്യപ്രതിയായ ജോളി രണ്ടു കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്‌പി കെ.ജി.സൈമണ്‍ വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു.

കേസ് അന്വേഷണം വിലയിരുത്താൻ ഡിജിപി ലോക്‌നാഥ് ബെഹ്റ ഇന്നോ നാളെയോ കൂടത്തായിയില്‍ എത്തും. ഫൊറന്‍സിക് സംഘവുമായി ആശയവിനിമയം നടക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുശേഖരണത്തിന് പരമാവധി ശ്രമമെന്ന് ഡിജിപി പറഞ്ഞു.

അതേസമയം, എല്ലാ മരണങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ റോയിയുടെ കൊലപാതകത്തില്‍ മാത്രമാണ് കേസെടുത്തത്. ഇപ്പോള്‍ മറ്റ് അഞ്ച് മരണങ്ങളിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.