കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളി കടുത്ത വിഷാദരോഗിയാണെന്ന് പൊലീസ്. ജോളി ജോസഫ് ഇനിയും ആത്മഹത്യക്ക് ശ്രമിച്ചേക്കാമെന്ന് ജയിൽ ഡിഐജി എം.കെ.വിനോദ് കുമാർ പറഞ്ഞു. വിഷാദ രോഗത്തിനു അടിമയായ ജോളിക്ക് കൗണ്‍സിലിങ്‌ നൽകുന്നുണ്ട്. തന്റെ ജീവിതംകൊണ്ട് ഇനി ആർക്കും പ്രയോജനമില്ലെന്ന് ജോളി പറഞ്ഞതായി സഹതടവുകാരും പറയുന്നു.

കഴിഞ്ഞ ദിവസം ജോളി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അതിനു പിന്നാലെ ആശുപത്രിയിലെത്തിച്ചപ്പോൾ ജോളിക്ക് വിഷാദ രോഗമാണെന്ന് ഡോക്‌ടർമാരും പറഞ്ഞു. ജോളിയുടെ സെല്ലിൽ സുരക്ഷ ശക്‌തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രവർത്തിക്കാത്ത സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാക്കും. ജോളിയുടെ ആത്മഹത്യാശ്രമത്തിൽ സുരക്ഷാവീഴ്‌ചയില്ലെന്ന് ജയിൽ ഡിഐജി വ്യക്‌തമാക്കി.

Read Also: കാത്തിരിപ്പ് വിഫലം; ഇത്തിക്കരയാറ്റിൽ നിന്നു ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

ജോളി പുറത്തിറങ്ങിയാൽ ആത്മഹത്യക്ക് ശ്രമിക്കുമെന്ന് നേരത്തെ പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ജോളിയുടെ ജാമ്യഹർജിയിൽ സെഷൻസ് കോടതിയിൽ വാദം നടക്കുമ്പോൾ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.എൻ.കെ.ഉണ്ണികൃഷ്‌ണൻ പറഞ്ഞത് ഇങ്ങനെ:”ജോളി ജയിലിനു പുറത്തിറങ്ങുന്നത് അവരുടെ ജീവനു ഭീഷണിയാണ്. പുറത്തിറങ്ങിയാൽ ജോളി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയുണ്ട്”. ഇതേ തുടർന്നാണ് നേരത്തെ ജോളിയുടെ ജാമ്യഹർജി തള്ളിയത്.

കഴിഞ്ഞ ദിവസമാണ് ജോളി ജയിലിനുള്ളിൽവച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ജയിലിനുള്ളിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: നടിയെ ആക്രമിച്ച കേസ്: സംയുക്‌ത വർമ, ഗീതു മോഹൻദാസ് എന്നിവരെ ഇന്നു വിസ്‌തരിക്കും, കുഞ്ചാക്കോ ബോബൻ എത്തില്ല

രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ആദ്യം എത്തിച്ചത് ജില്ലാ ആശുപത്രിയിലായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.

ആത്മഹത്യയ്ക്ക് ശ്രമിച്ചത് എങ്ങനെയാണെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കൈഞരമ്പ് മുറിച്ചത് എങ്ങനെയാണെന്ന കാര്യത്തിലാണ് അവ്യക്തത. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് സെല്ലിലെ ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പലപ്പോഴും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ കൗൺസിലർമാരുടെ സേവനവും തേടിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.