കോഴിക്കോട്: ആദ്യ ഭര്‍ത്താവ് റോയിയെ കൊല്ലാന്‍ ജോളി തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വിശദീകരിച്ച് പൊലീസ്. ജോളിയുടെ കസ്റ്റഡി അപേക്ഷയിലാണ് നാല് കാരണങ്ങൾ പൊലീസ് പറഞ്ഞിരിക്കുന്നത്. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
റോയിയുടെ മദ്യപാനശീലത്തിലും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നു. റോയിക്ക് സ്ഥിരവരുമാനം ഇല്ലായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാനുമാണു റോയിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
അതേസമയം, കൊലക്കേസില്‍ ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആറ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പൊലീസ് പത്ത് ദിവസത്തെ കസ്റ്റഡിക്കായി അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളെ ചോദ്യം ചെയ്തശേഷം കൂടത്തായിയില്‍ തെളിവെടുപ്പിനെത്തിക്കും.
വടകര റൂറൽ എസ്പി ഓഫീസിലാണ് ജോളിയെ എത്തിച്ചിരിക്കുന്നത്. ഇവിടെ വച്ച് വിശദമായ ചോദ്യം ചെയ്യൽ നടക്കും. കൊയിലാണ്ടിയിലുള്ള ആശുപത്രിയിലെത്തിച്ച് പ്രതികളുടെ വൈദ്യപരിശോധന നടത്തി. കോടതിയിലും ആശുപത്രി പരിസരത്തും നിരവധി പേരാണ് പ്രതികളെ കാണാനെത്തിയത്. കോടതിക്ക് പുറത്തുവച്ചും ആശുപത്രി പരിസരത്തു വച്ചും ജനക്കൂട്ടം ജോളിയെ കൂവി വിളിച്ചു.
സങ്കീർണമായ കേസ് ആയതിനാൽ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് അപേക്ഷയിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. അതേസമയം, രണ്ടാം പ്രതി മാത്യുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
Read Also: ജോളി: കേള്‍ക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമോ അതോ കെട്ടുകഥകളോ?
കേസ് അന്വേഷിക്കാൻ ആറ് അന്വേഷണ സംഘങ്ങളെ നിയമിക്കാൻ തീരുമാനമായി. കൊലപാതക പരമ്പരയിലെ ഓരോ കേസും അന്വേഷിക്കുക ഓരോ സംഘങ്ങൾ ആയിരിക്കും. കോഴിക്കോട് ജില്ലയിലെ മികച്ച ഉദ്യോഗസ്ഥർ സംഘങ്ങളിൽ ഉണ്ടാകും. അന്വേഷണ സംഘങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആറ് സംഘങ്ങളുടേയും ചുമതല കോഴിക്കോട് റൂറൽ എസ്പി കെ.ജി സൈമണിനായിരിക്കും.
രണ്ടു കുട്ടികളെ കൂടി മുഖ്യപ്രതിയായ ജോളി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെ.ജി.സൈമണ്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നു വെന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞു.