തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസ് വെല്ലുവിളിയെന്നു ഡിജിപി ലോക്‌നാഥ് ബെഹ്റ. എല്ലാ വെല്ലുവിളികളും അതിജീവിക്കുമെന്നാണു പ്രതീക്ഷ. അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്നും എസ്‌പി കെ.ജി.സൈമണുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തെന്നും ഡിജിപി  പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സയനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുകയാണ് കേസിലെ പ്രധാന വെല്ലുവിളി. സയനൈഡിന്റെ തെളിവുകൾ കണ്ടെത്തുക സാധ്യമാണ്. പക്ഷേ ശ്രമകരമാണ്. അതിനുളള നീക്കങ്ങളാണ് നടത്തുന്നത്. സയനൈഡ് എങ്ങനെ കിട്ടിയെന്നതു പ്രധാനമാണ്. അത് പ്രത്യേക സംഘം അന്വേഷിക്കും. ആവശ്യമെങ്കിൽ സാമ്പിളുകൾ വിദേശത്തേക്ക് അയയ്ക്കുമെന്നു ഡിജിപി പറഞ്ഞു.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

ആദ്യ അന്വേഷണത്തിലെ പാളിച്ചയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. തെളിവു ശേഖരിക്കുന്നതിനും പ്രതികളെ പിടിക്കുന്നതിനുമാണു മുൻഗണന. ഓരോ കേസിലും പ്രത്യേകം എഫ്ഐആർ ഇടുന്നതാണ് ഉത്തമമെന്നും ഡിജിപി അഭിപ്രായപ്പെട്ടു.


(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ രണ്ടാം തവണയും വിശദമായ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചിരുന്നു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിനു നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പറഞ്ഞു.

Read Also: ഞാന്‍ നിരപരാധി, ജോളി എന്നെ കുടുക്കാന്‍ നോക്കുന്നു: ഷാജു

കൊലപാതക പരമ്പരകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നാണു ഷാജു പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് ക്രൈം ബ്രാഞ്ച് തന്നെ ചോദ്യം ചെയ്തതെന്നും തനിക്കു യാതൊരു ഭയവുമില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. “ജോളി എനിക്കെതിരെ ചില മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അത് സത്യമാണെങ്കില്‍ എന്നെ കുടുക്കാനുള്ള ശ്രമം മാത്രമായിട്ടാണ് അതിനെ കാണുന്നത്. ജോളി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ ഞാന്‍ നിരപരാധിയാണ്” ഷാജു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.