കോഴിക്കോട്: കൂടത്തായി സംഭവത്തിൽ ജോളിയെ സഹായിച്ചുവെന്ന് കരുതുന്ന കൂടുതൽ ആളുകളെ ഇന്ന് ചോദ്യം ചെയ്യും. വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്നു രാഷ്ട്രീയ പാർട്ടി നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, ജോളിയുമായി അടുപ്പമുള്ളവർ എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്യുക.

കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിയുമായി പണമിടപാട് നടത്തിയ പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കിയിരുന്നു. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജോളിയും മനോജുമായി പണമിടപാട് രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മനോജ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് സിപിഎം അറിയിച്ചു.

Also Read: ജോളിയുമായി പണമിടപാട്; സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി

നേരത്തെ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ രണ്ടാം തവണയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിട്ടയിച്ചിരുന്നു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പറഞ്ഞു. ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഷാജു കുറ്റസമ്മതം നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു.

Also Read: ഞാന്‍ നിരപരാധി, ജോളി എന്നെ കുടുക്കാന്‍ നോക്കുന്നു: ഷാജു

അതേസമയം കൊലപാതക പരമ്പരകളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യപ്രതി ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവ് ഷാജു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടി മാത്രമാണ് ക്രൈം ബ്രാഞ്ച് തന്നെ ചോദ്യം ചെയ്തതെന്നും തനിക്ക് യാതൊരു ഭയവുമില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ജോളിയുടെ അടുത്ത് ചെന്നാല്‍ വെള്ളം പോലും കുടിക്കാറില്ല: റോയിയുടെ സഹോദരി

തനിക്കെതിരെ റോയിയുടെ കുടുംബം ഇപ്പോള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ തിരക്കഥയ്ക്ക് അനുസരിച്ചുള്ളതാണെന്ന് ഷാജു പറഞ്ഞു. മകള്‍ മരിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നതില്‍ ദുരൂഹതയൊന്നുമില്ല. കുഞ്ഞ് ശരീരമല്ലേ എന്ന് വിചാരിച്ചാണ് അന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നത്. അന്ന് പോസ്റ്റുമോര്‍ട്ടം നടത്താമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഷാജു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.