കൊച്ചി: പ്രമാദമായ കൂടത്തായി കൊലക്കേസിൽ മുഖ്യ പ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആദ്യ ഭർത്താവ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ സൈനയിഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ജാമ്യം. നേരത്തെ സിലി വധക്കേസിലും ജോളിക്ക് ജാമ്യം ലഭിച്ചിരുന്നു.
ജോളിക്കെതിരെ മറ്റ് അഞ്ച് കേസുകൾ കൂടി നിലവിലുണ്ട്. മറ്റ് കേസുകളിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനാൽ ജോളിക്ക് പുറത്തിറങ്ങാനാവില്ല. അന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു പങ്കു വെക്കുന്നതിരെ കോടതിയുടെ ഉത്തരവിൽ പരാമർശങ്ങളുണ്ട്.
2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നതെന്നാണ് കുറ്റപത്രം. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും കൂട്ടുപ്രതികൾ ഉണ്ടായിരുന്നെങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി.
Read More: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്.
അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.