കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ അവസാന കുറ്റപത്രം ഇന്ന് സമർപ്പിക്കും. പൊന്നാമറ്റം അന്നമ്മ തോമസിന്റെ കൊലപാതക കേസിലാണ് താമരശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവിന്റെ മാതാവാണ് അന്നമ്മ തോമസ്. ഈ കേസിൽ ജോളി മാത്രമാണ് പ്രതിപട്ടികയിലുള്ളത്.
Also Read: കൊറോണ: വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച വിദ്യാർഥിയുടെ രണ്ടാം ഫലം നെഗറ്റീവ്
2012 ആഗസ്റ്റ് 22-ന് അന്നമ്മ തോമസിന്റെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാത പരമ്പര തുടങ്ങുന്നത്. നായകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കിയാണ് ജോളി അന്നമ്മയെ കൊന്നതെന്നാണ് കുറ്റപത്രം. കൊലപാതക പരമ്പരയിലെ മറ്റ് അഞ്ച് കേസുകളിലും കൂട്ടുപ്രതികൾ ഉണ്ടായിരുന്നെങ്കിലും അന്നമ്മ തോമസ് കേസില്‍ ജോളി മാത്രമാണ് പ്രതി.
Also Read: Horoscope Today February 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് പറഞ്ഞ കള്ളങ്ങൾ പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഒപ്പം വീടിന്റെ ഭരണം പിടിച്ചെടുക്കുകയെന്ന ഉദ്ദേശവും കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
120 ലധികം സാക്ഷികളാണ് കേസിലുള്ളത്. എഴുപതിലധികം രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. വിഷം വാങ്ങാനായി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയില്‍ നിന്ന് ജോളി കുറിപ്പടി വാങ്ങിയതിന്റെ രേഖയാണ് കേസിലെ പ്രധാന തെളിവ്.