പത്തനംതിട്ട: വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് അട്ടിമറി വിജയത്തിലേക്ക് നീങ്ങുമ്പോള്‍ എല്‍ഡിഎഫിന് ഇരട്ടി മധുരമായി കോന്നിയിലെ മുന്നേറ്റം. കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് കോന്നി. ഇവിടെയാണ് കെ.യു.ജനീഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.
മുന്‍ എംഎല്‍എയായ അടൂര്‍ പ്രകാശിന് വലിയ സ്വാധീനമുള്ള മണ്ഡലമെന്നാണ് കോന്നിയെ കുറിച്ചുള്ള വിലയിരുത്തല്‍. കോന്നിയില്‍ വിജയിക്കുമെന്ന് യുഡിഎഫും വിലയിരുത്തിയിരുന്നു. എന്നാല്‍, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കെ.യു.ജനീഷ് കുമാര്‍ അട്ടിമറി വിജയത്തിലേക്ക് നീങ്ങുകയാണ്. ജനീഷ് കുമാര്‍ 5,000 വോട്ടുകള്‍ക്കാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തില്‍ നടക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രനും നല്ല രീതിയില്‍ വോട്ടുകള്‍ സ്വന്തമാക്കി.
1965ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോണ്‍ഗ്രസിന്റെ പി.ജെ.തോമസ് ആയിരുന്നു. പിന്നീട് മണ്ഡലം ഇടതു വലതു മുന്നണികളെ മാറിമാറി തുണച്ചു. 1996 ലാണ് സിപിഎമ്മിൽ നിന്ന് മണ്ഡലം പിടിക്കാൻ കോൺഗ്രസ് അടൂർ പ്രകാശിനെ കളത്തിലിറക്കിയത്. പിന്നീടിങ്ങോട്ട് കോന്നിയിൽ കോൺഗ്രസിന് അടിതെറ്റിയിട്ടില്ല. കഴിഞ്ഞ 23 വർഷവും അടൂർ പ്രകാശ് തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അടൂർ പ്രകാശ് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. എന്നാൽ, ഇത്തവണ അടൂർ പ്രകാശിനെയും കോൺഗ്രസിനെയും മൂക്കുകുത്തിച്ചിരിക്കുകയാണ് ജനീഷ് കുമാർ. ലീഡ് 10,000 കടക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് സ്ഥാനാർഥി.
Read Also: യുഡിഎഫിനെ ആശങ്കയിലാഴ്ത്തി മേയര്‍ ബ്രോയുടെ മുന്നേറ്റം
ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ മൂന്നിടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. എറണാകുളം, അരൂർ, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലമാണ് വട്ടിയൂർക്കാവ്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.