തൃശൂർ: കോങ്ങാട് എംഎൽഎ കെ വി വിജയദാസ് അന്തരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 7.45 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല.

കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഡിസംബർ 11 നാണ് എംഎൽഎയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോവിഡ് മുക്തനായ ശേഷവും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ തുടരുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്‌ക്രിയക്ക് എംഎൽഎയെ വിധേയനാക്കിയിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.വി.വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്ന് ജയിച്ചാണ് നിയമസഭയിൽ എത്തിയത്. 2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളം സുധാകരനെ 13,000 ത്തോളം വോട്ടുകൾക്ക് തോൽപ്പിച്ചാണ് വിജയദാസ് കോങ്ങാട് വിജയിച്ചത്. 1990-ൽ സിപിഎം നടത്തിയ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത വിജയദാസ് 13 ദിവസത്തോളം ജയിലിൽ കിടന്നിരുന്നു.

ഭാര്യ പ്രേമകുമാരി, രണ്ട് മക്കളുണ്ട്

മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

എംഎൽഎ കെ.വി.വിജയദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് വിജയദാസിന്റെ അകാലവിയോഗമെന്ന് മുഖ്യമന്ത്രി. കർഷക കുടുംബത്തിൽ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കർഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂർവമായി പ്രവർത്തിച്ചു. പാലക്കാട് ജില്ലയിൽ സിപിഐഎമ്മിന്റെ വളർച്ചയിൽ വലിയ സംഭാവന നൽകിയ നേതാവായിരുന്നു വിജയദാസെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More: എൽഡിഎഫിന് ഭരണത്തുടർച്ച, ഉമ്മൻചാണ്ടിയേക്കാൾ ഇരട്ടി പിന്തുണ പിണറായിക്ക്; ആദ്യ അഭിപ്രായ സർവെ പുറത്ത്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പാലക്കാടിന്റെ വികസനത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി. നിയമസഭയിലെ പ്രവർത്തനത്തിലും സമൂഹത്തിലെ അധ:സ്ഥിതരുടെ പ്രശ്നങ്ങൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനാണ് സഹകരണ രംഗത്ത് പ്രവർത്തിക്കുമ്പോഴും അദ്ദേഹം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.