കൊച്ചി: ഒരു ‘കൊമ്പന്റെ’ പുറകെയാണിപ്പോള്‍ ലണ്ടന്‍ നിവാസികള്‍. കൊലകൊമ്പനല്ല, മറിച്ച് ആരെയും മയക്കുന്ന മലയാളി കൊമ്പന്. ഇംഗ്ലണ്ടില്‍നിന്നു ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കു ‘തുമ്പിക്കൈ’ നീട്ടാനൊരുങ്ങുകയാണ് ഈ കൊച്ചിക്കാരന് കൊമ്പന്.
പറഞ്ഞുവരുന്നത് ഇംഗ്ലണ്ടില്‍ പ്രചാരം നേടുന്ന പുതിയ ബിയറിനെക്കുറിച്ചാണ്. കേരളത്തിന്റെ സ്വന്തം മട്ട അരി ഉപയോഗിച്ചാണു കൊമ്പന് ബിയറിന്റെ നിര്‍മാണം. ഉടമയാവട്ടെ മലയാളിയായ വിവേക് പിള്ളയും. റസ്റ്റോറന്റ് ഉടമയായിരുന്ന വിവേക് വിപണിയിലെ ആവശ്യം മനസിലാക്കിയാണു ബിയര്‍ നിര്‍മാണത്തിലേക്കു കടന്നത്.
”പ്രധാനമായും കേരള വിഭവങ്ങള്‍ വിളമ്പുന്ന, ചെറിയ ദക്ഷിണേന്ത്യന്‍ റസ്റ്റോറന്റിന്റെ ഉടമയാണു ഞാന്‍. ഭക്ഷണത്തോടൊപ്പം ലഹരിപാനീയങ്ങള്‍ ആസ്വദിക്കുന്ന ബ്രിട്ടീഷുകാരാണു ഞങ്ങളുടെ കച്ചവടത്തിന്റെ അടിത്തറയെന്നു ഞാന്‍ മനസിലാക്കി. കേരളത്തില്‍നിന്നുള്ള ഏതെങ്കിലും വിശ്വസനീയമായ ലഹരിപാനീയം വിളമ്പുന്നുണ്ടോയെന്ന് ഉപഭോക്താക്കള്‍ എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. ഒരു ഇന്ത്യന്‍ നിര്‍മിത ബിയറിന്റ പോരായ്മ വിപണിയിലുണ്ടെന്ന കണ്ടെത്തലിലേക്കു ധാരാളം ഗവേഷണങ്ങള്‍ക്കു ശേഷം ഞാനെത്തി. ഇതാണു ‘കൊമ്പന്’ സൃഷ്ടിക്കുന്നതിലേക്ക് എത്തിയത്,”കൊച്ചിന് ഹെറിറ്റേജ് ലിമിറ്റഡ് മാനേജിങ് ഡയരക്ടറായ വിവേക് പിള്ള ഫിനാന്‍ഷ്യല്‍ എക്സ്പ്രസിനോട് പറഞ്ഞു.
പുരുഷന്റെ ഏതൊരു ശക്തമായ തീരുമാനത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാവുമെന്നാണു പറയുക. ‘കൊമ്പന്’ എന്ന ശക്തമായ ബ്രാന്‍ഡ് നെയിമിനു പിന്നിലും ഒരു സ്ത്രീ തന്നെ, വിവേകിന്റെ ഭാര്യ. ”കേരളത്തിന്റെ പര്യായമായ കൊമ്പനാന ശക്തവും രാജകീയവുമായ മൃഗമാണെന്നാണ് അവള് ചിന്തിച്ചത്. കൊമ്പനാന ശക്തിയുടെ പ്രതീകമാണ്. ഈ പേര് ഞങ്ങളുടെ ബിയറിനോട് നീതി പുലര്‍ത്തും, കൊമ്പനെപ്പോലെ രാജകീയവും ഗാംഭീര്യമുള്ളതുമാണത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെല്‍ജിയന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ‘ദി ബ്ളോണ്ട്’, ‘പ്രീമിയം ബ്ലാക്ക്’ എന്നീ പേരുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ സ്പെഷാലിറ്റി ബിയര്‍ നിര്‍മിച്ചായിരുന്നു ഈ മേഖലയിലെ വിവേകിന്റെ തുടക്കം. രണ്ടു ബ്രാന്‍ഡുകളും ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണു സൃഷ്ടിച്ചത്.
‘ആദ്യത്തെ രണ്ടിനങ്ങളുടെയും നിര്‍മാണം മട്ട അരി ഉപയോഗിച്ചായിരുന്നില്ല. വിപണി പരീക്ഷണം എന്ന നിലയ്ക്കായിരുന്നു ഇവയുടെ നിര്‍മാണം. പക്ഷേ, കേരളത്തിന് ആധികാരികമെന്ന് അഭിമാനത്തോടെ അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു ബിയര്‍ സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. മനസില്‍ കുറച്ച് ചേരുവകളുണ്ടായിരുന്നു, പക്ഷേ അത് ഞങ്ങളുടെ റെസിപ്പിയുമായി ചേര്ന്നുപോകേണ്ടതുണ്ടായിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലൂടെ, ‘പാലക്കാടന്‍ മട്ട അരി’യായിരിക്കും ഇപ്പോഴത്തെ വൈവിധ്യവുമായി നന്നായി പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച ചേരുവയെന്ന തീരുമാനത്തിലെത്തി. കേരളത്തിയപ്പോള്‍ എനിക്ക് അരി ലഭിക്കുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.
കൊമ്പന് ഡിമാന്‍ഡ് വര്‍ധിക്കുകയാണെന്നും ലണ്ടനിലെ മറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റുകളിലേക്കും ബിയര്‍ വിതരണം ചെയ്യുന്നുണ്ടെന്നും വിവേക് പറഞ്ഞു. ലോകത്തിന്റെ മറ്റിടങ്ങളില്‍നിന്നും കൊമ്പനെത്തേടി അന്വേഷണങ്ങളെത്തുന്നുണ്ടെന്നും മുന്‍ നിക്ഷേപ ബാങ്കര്‍ കൂടിയായ വിവേക് പിള്ള പറഞ്ഞു.
പശ്ചിമഘട്ടത്തില്‍ വളരുന്ന നെല്ലിനമായ പാലക്കാടന്‍ മട്ട ഇന്ത്യയിലെ ചോള, ചേര രാജകുടുംബങ്ങളുടെ ഭക്ഷണമായാണു കണക്കാക്കപ്പെടുന്നത്. തിരുക്കുറല്‍ പോലുള്ള തമിഴ് ക്ലാസിക്കുകളില്‍ മട്ട പരാമര്‍ശിക്കപ്പെടുന്നുണ്ട്.