തൃശൂർ:തൃശൂർ ജില്ലയിലെ മണലൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി. ക്ഷേത്രത്തിലെ കോമരം കൽപന പുറപ്പെടുവിച്ചതിനെ തുടർന്നുള്ള മനോവിഷമത്താലാണ്‌ വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

ആത്മഹത്യ ചെയ്‌ത സ്ത്രീയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തി കോമരത്തിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായി അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്‌ഐ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് വ്യക്‌തമാക്കി. ഇൻക്വസ്റ്റ് നടപടികള്‍
പൂർത്തിയായെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. പരാതിയിൽ കോമരത്തിനെതിരെ പരാമർശമുണ്ടെന്നും പൊലീസ് പറഞ്ഞു.

Read Also: ഞാൻ നിങ്ങളെ ഒരിക്കലും മിസ് ചെയ്യില്ല; എല്ലാവരേയും ഹഗ് ചെയ്‌തു ജെസ്‌ല മടങ്ങി, ഒരാളെ ഒഴികെ

മണലൂരിൽ കഴിഞ്ഞ ബുധനാഴ്‌ചയാണ് യുവതി ജീവനൊടുക്കിയത്. ക്ഷേത്രച്ചടങ്ങിനിടെ കോമരം (വെളിച്ചപ്പാട്) ഇവര്‍ക്കെതിരെ നടത്തിയ പരാമർശമാണ് ആത്മഹത്യക്ക് കാരണമെന്ന് പരാതിയില്‍ പറയുന്നു. യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കോമരം പറഞ്ഞതായാണ് റിപ്പോർട്ട്.

ഇരുന്നൂറോളം പേർ പങ്കെടുത്ത ക്ഷേത്രച്ചടങ്ങിനിടെയാണ് കോമരം യുവതിക്കെതിരെ സ്വഭാവദൂഷ്യമുണ്ടെന്ന പരാമർശം നടത്തിയതെന്നാണ് പരാതി. ഇത് യുവതിക്ക് മാനഹാനിയുണ്ടാക്കിയെന്നും ആരോപണമുണ്ട്.

Read Also: ഫഹദിനെ പോലെ പ്രിയപ്പെട്ടവൻ; നസ്രിയയുടെ ലോക്കറ്റിലും ഒറിയോ

യുവതി ദേവിക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു കോമരത്തിന്റെ കൽപന. ക്ഷേത്രത്തിലെ കോമരവും മണലൂരുകാരനാണ്‌.  ഇയാളുടെ (കോമരം തുള്ളിയ യുവാവിന്റെ) സുഹൃത്തിന്റെ സ്വാധീനത്താലാണു കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടുകാരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തി.

ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ ഇന്നലെ യുവതിയുടെ വീട് സന്ദർശിച്ചു. കുടുംബക്ഷേത്രത്തിൽ അപവാദം പറഞ്ഞുകൊണ്ടുള്ള കോമരത്തിന്റെ പരസ്യമായ കൽപനയിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. മരിച്ച യുവതിയുടെ വീട് പരിഷത്ത് പ്രവർത്തകർ സന്ദർശിക്കുകയും കുടുംബാംഗങ്ങളും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. നിക്ഷിപ്‌ത താൽപര്യത്താലാണ് ശ്രീകാന്ത് എന്ന കോമരം പരസ്യമായി യുവതിയെ അധിക്ഷേപിച്ചതെന്ന് മനസ്സിലായതായി പരിഷത്ത് പറയുന്നു. യുവതിയുടെ സഹോദരൻ, ഭർത്താവ് എന്നിവർ പൊലീസിൽ നൽകിയ പരാതിയിൽ ജനമിത്രൻ എന്നൊരാൾക്കും ഈ കേസുമായി ബന്ധമുണ്ടെന്ന് പറയുന്നു. ഭക്തിയും വിശ്വാസവും ചൂഷണം ചെയ്താണ് ഇവർ പ്രവർത്തിച്ചതെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിയമ നടപടി സ്വീകരിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.