scorecardresearch
Latest News

വിസ്‌മയ കേസ്: കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ

കേസിൽ കിരൺ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഇന്നലെ വിധിച്ചിരുന്നു

vismaya case

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശി വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവ് കിരൺ കുമാറിന്റെ പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും.

മൂന്ന് വകുപ്പുകളിലായി 18 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. സ്ത്രീധനമരണത്തിൽ ഐപിസി 304 പ്രകാരം 10 വര്‍ഷവും ആത്മഹത്യ പ്രേരണ കുറ്റം 306 പ്രകാരം ആറുവര്‍ഷവും 498 എ ഗാർഹിക പീഡന വകുപ്പ് പ്രകാരം രണ്ടുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ആകെ 12,55,000 രൂപ പിഴയിൽ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവായി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ സുജിത്താണ് ശിക്ഷ വിധിച്ചത്.

കേസിൽ കിരൺ കുറ്റക്കാരാണെന്ന് കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഇന്നലെ വിധിച്ചിരുന്നു. കിരൺകുമാറിനെതിരെ 304 ബി ( സ്ത്രീധന മരണം), 306 ( ആത്മഹത്യാ പ്രേരണ), 498 എ (ഗാര്‍ഹിക പീഡനം) എന്നി വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിനു തുല്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസ് ഒരു വ്യക്തിക്കെതിരായി മാത്രമുള്ളതല്ല, വിധി സമൂഹത്തിനുള്ള സന്ദേശമാകണം. രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന വിധിയാണെന്നും പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

പ്രതി വിസ്മയയെ ക്രൂരമായി മർദിച്ചിരുന്നു. മുഖത്ത് ചവിട്ടുക ഉൾപ്പെടെ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനും വിദ്യാസമ്പന്നനുമായ പ്രതിക്ക് ഇതിൽ പശ്ചാത്താപമില്ല. നിയമം പാലിക്കേണ്ട ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് സ്ത്രീധനം വാങ്ങുകയും ക്രൂരമായി മർദിക്കുകയും ചെയ്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നും വാദിച്ചു.

അതേസമയം, താൻ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു കിരൺ കുമാറിന്റെ വാദം. വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ നിരപരാധിയാണെന്നും കിരൺ കുമാർ കോടതിയിൽ പറഞ്ഞു. ശിക്ഷ വിധിക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് മറുപടി. അച്ഛന് ഓര്‍മക്കുറവുണ്ടെന്നും അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അച്ഛനെ നോക്കാൻ ആരുമില്ലെന്നും കിരൺ പറഞ്ഞു.

അമ്മയും രോഗിയാണ്. പ്രമേഹവും വാതവും രക്തസമ്മർദവും ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കാണെന്നും കിരൺ കോടതിയിൽ പറഞ്ഞു. ശിക്ഷാ വിധിയിൽ കിരണിന്റെ പ്രായം പരിഗണിക്കണമെന്നും ജീവപര്യന്തം വിധിക്കരുതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ഇന്നലെ തന്നെ കൊല്ലം ജില്ലാ ജയിലിലേക്ക് മാറ്റി.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥാനയ ഭർത്താവ് കിരൺ കുമാറിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.

സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് കിരൺ കുമാറിനെതിരെ ചുമത്തിയത്. കേസിൽ507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. ജനുവരി 10നാണ് വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു.

Also Read: മറ്റൊരു കുട്ടിക്കും ഈ ഗതി വരരുത്, വിധിയിൽ സന്തോഷം: വിസ്മയയുടെ അമ്മ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kollam vismaya dowry death case verdict