കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്‌മയക്ക് ശാരീരിക പീഡനമേറ്റിരുന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. ഭർത്താവ് കിരൺ ക്രൂരമായി മർദിക്കുന്നതായും ഭർതൃ വീട്ടിൽ ജീവിക്കാനാവില്ലെന്നും വിസ്‌മയ അച്ഛനോട് കരഞ്ഞു പറയുന്ന സന്ദേശമാണ് പുറത്തുവന്നത്. കേസിൽ നാളെ വിധി വരാൻ ഇരിക്കെയാണ് ശബ്‌ദസന്ദേശവും പുറത്തുവന്നിരിക്കുന്നത്.
“ഇവിടെ നിർത്തിയിട്ടുപോയാൽ എന്നെയിനി കാണത്തില്ല. അച്ഛൻ നോക്കിക്കോ. എന്നെക്കൊണ്ട് പറ്റത്തില്ല. ഞാൻ എന്തേലും ചെയ്യും. എനിക്കു പേടിയാണ് അച്ഛാ… എനിക്ക് അങ്ങോട്ടു വരണം. എന്നെ അടിയ്ക്കുക ഒക്കെ ചെയ്തു” എന്നാണ് വിസ്‌മയ ശബ്‌ദസന്ദേശത്തിൽ അച്ഛനോട് പറയുന്നത്. ഇതെല്ലാം കേട്ട് അച്ഛൻ ‘നീയിങ്ങ് പോരു, കുഴപ്പമില്ല’ എന്നും ഇങ്ങനെയൊക്കെയാണ് ജീവിതമെന്നും സമാധാനിപ്പിക്കുന്നത് ശബ്‌ദസന്ദേശത്തിലുണ്ട്.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടെ അച്ഛനും സഹോദരനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരെ ചുമത്തിയത്. ഈ വർഷം ജനുവരിയിൽ കേസിൽ വിചാരണ ആരംഭിച്ചിരുന്നു. നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിൽ നാളെ കേസിൽ വിധിപറയുകയാണ്. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
നേരത്തെ വിസ്മയയുടേത് ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെ.ബി.രവി വ്യക്തമാക്കിയിരുന്നു. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.
507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ ഉൾപ്പെടെ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. ഉത്ര വധക്കേസിൽ ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്ക് വേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയുമാണ് കോടതിയിൽ ഹാജരായത്.
Also Read: തൃക്കാക്കരയിൽ ജനക്ഷേമ സഖ്യം ആർക്കൊപ്പം? നിലപാട് ഇന്നറിയാം