scorecardresearch

വിസ്‌മയ കേസ്: വിധി ഈ മാസം 23ന്

കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക

vismaya death case, dowry death case

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ വിധി ഈ മാസം 23ന്. കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. നാല് മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസിൽ വിധിപറയുന്നത്.

കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകളാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.

നേരത്തെ വിസ്മയയുടേത് ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെ.ബി.രവി വ്യക്തമാക്കിയിരുന്നു. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 102 സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിരുന്നു. വിചാരണയ്ക്കിടെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ ഹാജരാക്കുകയും ചെയ്തു.

പ്രതി കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള, സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ ഉൾപ്പെടെ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. ഉത്ര വധക്കേസിൽ ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജും പ്രതിക്ക് വേണ്ടി പ്രതാപചന്ദ്രന്‍ പിള്ളയുമാണ് കോടതിയിൽ ഹാജരായത്.

Also Read: നടിയും മോഡലുമായ ട്രാൻസ് വ്യക്തി മരിച്ച നിലയിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kollam vismaya case verdict on may 23