കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായിരുന്ന കിരണിന്റെ പിതാവ് സദാശിവന്‍ പിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
ആത്മഹത്യാ കുറിപ്പ് എഴുതി വച്ചതിന് ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവന്‍ ഇന്ന് കോടതിയില്‍ പറഞ്ഞു. ആത്മഹത്യാ കുറിപ്പ് വീട്ടിലെത്തിയ പൊലീസുകാരന് കൈ മാറിയിരുന്നതായും സദാശിവന്‍ അവകാശപ്പെടുന്നു.
സദാശിവന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഇയാളെ കൂറ് മാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് മുന്‍പ് ഇത്തരത്തിലൊരു കുറിപ്പിനെപ്പറ്റി സദാശിവന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഭർത്താവ് സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോഴും ജയിലിലാണ്. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഒന്‍പത് വകുപ്പുകളാണ് കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ വിസ്മയയുടേത് ആത്മഹത്യയാണെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്‌പി കെ.ബി.രവി വ്യക്തമാക്കിയിരുന്നു. സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.