കൊല്ലം: വിസ്‌മയ കേസി കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ ഭർത്താവ് കിരൺകുമാർ സ്ത്രീധനം ആവശ്യപെടുന്നതിന്റെ ശബ്ദരേഖ പുറത്ത്. ഇഷ്ടപ്പെട്ട കാർ ലഭിക്കാത്തതിനെച്ചൊല്ലി വിസ്മയയുമായി ഫോണിൽ കലഹിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.
“ഹോണ്ടാ സിറ്റിയായിരുന്നു എനിക്കിഷ്ടം. അതിന് വിലക്കൂടുതലാ, അത് നോക്കണ്ടെന്ന് ഞാന്‍ തന്നെ നിങ്ങടെ എച്ചിത്തരം കണ്ടപ്പോ പറഞ്ഞു. വെന്റോ എടുത്ത് തരാമെന്ന് ഫിക്സ് ചെയ്തതല്ലേ. രാത്രി വന്നപ്പഴാണ് ഞാനീ സാധനം കണ്ടത്. അപ്പഴേ എന്റെ കിളി പറന്നു,” എന്നാണ് കിരണ്‍ വിസ്മയയോട് ഫോണില്‍ പറയുന്നത്.
കേസിൽ കിരൺ കുമാർ കുറ്റക്കാരനാണെന്നു കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. ശിക്ഷ നാളെ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയിട്ടുണ്ട്. നാലു മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേസിൽ വിധി പറഞ്ഞത്.
താൻ ഭർതൃ വീട്ടിൽ അനുഭവിക്കുന്ന ദുരിതങ്ങൾ പറഞ്ഞ് വിസ്‌മയ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ച ശബ്‌ദരേഖകൾ അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ കേസിൽ നിർണായകമായി.
Also Read: വിസ്‌മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരൻ, ശിക്ഷാ വിധി നാളെ
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്‌മയയുടെ അച്ഛന്റെയും സഹോദരന്റെയും പരാതിയിലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കിരണിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
സ്ത്രീധനമായി ലഭിച്ച കാർ മാറ്റിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് കുണ്ടറ ചിറ്റുമലയിലും വിസ്മയയുടെ നിലമേലെ വീട്ടിലും വച്ച് ഭർത്താവ് കിരൺ വിസ്മയയെ പീഡിപ്പിച്ചുവെന്നാണ് കേസ്. സ്ത്രീ പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ ഉള്‍പ്പെടെ ഏഴ് വകുപ്പുകളാണ് കിരൺ കുമാറിനെതിരെ ചുമത്തിയത്.
Also Read: വിസ്‌മയ കേസിൽ വിധി ഇന്ന്; നീതി പ്രതീക്ഷിച്ച് കുടുംബം